
തിരുവനന്തപുരം: തന്റെ കാലംവരെ ലാഭത്തിലായിരുന്ന ഇലക്ട്രിക് ബസുകള്‍ പെട്ടെന്ന് എങ്ങനെ നഷ്ടത്തിലായെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാറിനോട് മുന്‍ മന്ത്രി ആന്റണി രാജു. ഇ-ബസുകള്‍ നഷ്ടമാണെന്നും പിന്‍വലിക്കുമെന്നുമുള്ള മന്ത്രിയുടെ പരാമര്‍ശം പരക്കെ ചര്‍ച്ചചെയ്യപ്പെട്ടതോടെയാണ് ആന്റണി രാജു പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.
ഇ-ബസുകള്‍ ലാഭത്തിലും ഡീസല്‍ ബസുകള്‍ നഷ്ടത്തിലുമാണ് സര്‍വീസ് നടത്തുന്നത്. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന 110 ഓളം ബസുകള്‍ക്ക് പകരം ഡീസല്‍ ബസുകളാണ് ഓടിയിരുന്നതെങ്കില്‍ കെ എസ് ആര്‍ ടി സിയുടെ പ്രതിദിന നഷ്ടം വര്‍ദ്ധിച്ചേനെ. ഇങ്ങനെ നോക്കുമ്പോള്‍ ഇലക്ട്രിക് ബസുകള്‍ കെ എസ് ആര്‍ ടി സിക്ക് ഇരട്ടി ലാഭമാണ് തരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വര്‍ഷത്തെ വാര്‍ഷിക പരിപാലന ചെലവ് സഹിതമാണ് ഇ-ബസുകള്‍ വാങ്ങിയിട്ടുള്ളത്. ഇതിനും കെ എസ് ആര്‍ ടി സി. പണം ചെലവഴിക്കേണ്ട. താന്‍ മന്ത്രിയായി തുടര്‍ന്നിരുന്നെങ്കില്‍ തലസ്ഥാന നഗരത്തിലെ സര്‍ക്കുലര്‍ ഇ-ബസുകളുടെ നിരക്ക് പത്തില്‍നിന്ന് അഞ്ചാക്കി കുറച്ചേനെയെന്നും ആന്റണി രാജു പറഞ്ഞു.
ഇലക്ട്രിക് ബസുകൾ വിജയമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും തുച്ഛമായ ലാഭം മാത്രമാണ് കിട്ടുന്നതെന്നും മന്ത്രി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ ഓടുന്ന മുഴുവൻ ബസുകളും റീ ഷെഡ്യൂൾ ചെയ്യുമെന്നായിരുന്നു മന്ത്രി പറഞ്ഞത്.