പ്രസവത്തിന് അക്യുപങ്ചർ ചികിത്സ; അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ സുഖപ്രസവത്തിനു ശ്രമിച്ച യുവതി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ച സംഭവത്തിൽ, യുവതിക്കു നൽകിയത് അക്യുപങ്ചർ ചികിത്സയെന്നു വിശദീകരണം. പാലക്കാട് സ്വദേശിയായ വീട്ടമ്മ ഷമീറ ബീവി(36)യും നവജാതശിശുവുമാണ് പ്രസവത്തിനിടെ മരിച്ചത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ് അന്വേഷണം തുടരുകയാണ്.

ബീമാപള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബ് ആണ് യുവതിയെ ചികിത്സിച്ചതെന്നാണു വിവരം. ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ നൽകാതിരുന്ന ഭർത്താവ് നയാസിനെയാണ് നേമം പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഷമീറയുടെ ഭർത്താവ് ഷമീർ പൂന്തുറ സ്വദേശിയാണ്. വീട്ടിൽ പ്രസവിക്കാൻ നയാസ് ആണ് ഷമീറയെ നിർബന്ധിച്ചതെന്നാണ് വിവരം. ചികിത്സ നൽകാൻ ആവശ്യപ്പെട്ട ആരോഗ്യ പ്രവർത്തകരോടു നയാസ് മോശമായി പെരുമാറിയെന്നും ആക്ഷേപമുണ്ട്. ഷമീറ ഇതിനു മുൻപ് രണ്ടു കുഞ്ഞുങ്ങൾക്കു ജന്മം നൽകിയിരുന്നു. ഇതു രണ്ടും സിസേറിയനിലൂടെയായിരുന്നു. ഇതിനു പിന്നാലെ മൂന്നാമതും ഗർഭിണിയായപ്പോൾ ആധുനിക ചികിത്സ വേണ്ടെന്നും അക്യുപങ്ചർ ചികിത്സ മതിയെന്നും ഭർത്താവ് നയാസാണ് തീരുമാനിച്ചത്.

ഇന്നലെ ഉച്ചക്കാണ് ഷമീറ ബീവിക്ക് പ്രസവവേദനയുണ്ടായത്. അമിത രക്തസ്രാവമുണ്ടായ ഷമീറ ബോധരഹിതയായി. ഉടൻ തന്നെ പ്രദേശവാസികൾ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മാതാവും കുഞ്ഞും മരണപ്പെട്ടിരുന്നു. പാലക്കാട് സ്വദേശിനിയായ ഷമീനയും പൂന്തുറ സ്വദേശിയായ നയാസും രണ്ടാം വിവാഹിതരാണ്. ഇരുവർക്കും ആദ്യ വിവാഹത്തിൽ മക്കളുണ്ട്.

More Stories from this section

family-dental
witywide