ചക്കക്കൊമ്പനുമായി കൊമ്പുകോര്‍ത്ത് ഗുരുതര പരുക്കേറ്റ മുറിവാലന്‍ കൊമ്പന്‍ ചരിഞ്ഞു

ഇടുക്കി: ചിന്നക്കനാലില്‍ കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടി ഗുരുതരമായി പരുക്കേറ്റ മുറിവാലന്‍ കൊമ്പന്‍ ചരിഞ്ഞു. ചക്കക്കൊമ്പനുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പരുക്കേറ്റ് അവശനിലയിലായിരുന്നു ഈ എന്ന ഒറ്റയാന്‍.

ചിന്നക്കനാല്‍, പൂപ്പാറ, ശാന്തന്‍പാറ മേഖലകളില്‍ കൃഷിയിടങ്ങളിലടക്കം നാശംവിതയ്ക്കുന്ന ചക്കക്കൊമ്പനും മുറിവാലന്‍ കൊമ്പനുമാണ് കഴിഞ്ഞദിവസങ്ങളില്‍ കൊമ്പുകോര്‍ത്തത്. ഓഗസ്റ്റ് 21നുണ്ടായ ഏറ്റുമുട്ടലിലാണ് മുറിവാലന്റെ ഇടത്തെ പിന്‍കാലിന് പരിക്കേറ്റത്. തുടര്‍ന്ന് നടക്കാന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു. ഇതോടെ വനംവകുപ്പ് ആനയെ നിരീക്ഷിക്കുകയും ചികിത്സ നല്‍കുകയും ചെയ്തിരുന്നു. എങ്കിലും ഫലം കണ്ടില്ല.

ആനകള്‍തമ്മില്‍ പിന്നീടും ഏറ്റുമുട്ടിയെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച പകല്‍ ചിന്നക്കനാല്‍ ഭാഗത്ത് മുറിവാലനെ നാട്ടുകാര്‍ കണ്ടിരുന്നു. ഈസമയത്ത് ആന തീറ്റ തിന്നുന്നുണ്ടായിരുന്നുവെന്നും പിന്നീട് അവശനിലയില്‍ വീണുപോകുകയുമായിരുന്നു എന്നാണ് വിവരം.