കഞ്ചിക്കോട് തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞു, ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുക്കും

പാലക്കാട്: കഞ്ചിക്കോട് പന്നിമടയ്ക്കുസമീപം തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ കേസെടുക്കാന്‍ വനം വകുപ്പ്.

ഇന്നലെ രാത്രി രാത്രി 12 ഓടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം – ചെന്നൈ മെയില്‍ ഇടിച്ച് 35 വയസുള്ള പിടിയാനയാണ് ചരിഞ്ഞത്. ആനയുടെ തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ആനയുടെ പോസ്റ്റുമോര്‍ട്ടം നടത്തും. സംഭവത്തില്‍ ട്രെയിനിന്റെ വേഗതയും അപകടത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞമാസം ഈ ഭാഗത്ത് മറ്റൊരു കാട്ടാന തീവണ്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞിരുന്നു.

മലമ്പുഴ – കഞ്ചിക്കോട് റോഡില്‍ അഗസ്റ്റിന്‍ ടെക്സ്റ്റൈല്‍സ് കമ്പനിക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് അപകടമുണ്ടായത്. പിടിയാനയുടെ തലയ്ക്കും പിന്‍ഭാഗത്തും ഗുരുതര പരിക്കേറ്റിരുന്നു. അപകടസമയത്ത് ട്രാക്കിന് സമീപം നിരവധി ആനകളുണ്ടായിരുന്നു. ഇടിയേറ്റ ആന റെയില്‍വേ ട്രാക്കിനു സമീപമുള്ള കുഴിയിലേക്കാണ് വീണത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പെടെ സ്ഥലത്തെത്തി.