
ഹൈദരാബാദ്: തെലങ്കാന സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (ടിഎസ്ആര്‍ഇആര്‍എ) സെക്രട്ടറിയും ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റി (എച്ച്എംഡിഎ) മുന്‍ ഡയറക്ടറുമായ ശിവ ബാലകൃഷ്ണ 100 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി അഴിമതി വിരുദ്ധ ബ്യൂറോ കണ്ടെത്തി.
നിരവധി റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് പെര്‍മിറ്റ് അനുവദിച്ച് ബാലകൃഷ്ണ കോടികള്‍ സമ്പാദിച്ചെന്നാണ് എസിബിയുടെ പ്രാഥമിക കണ്ടെത്തല്‍.
ബാലകൃഷ്ണ തന്റെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകള്‍ക്കപ്പുറം സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് ബാലകൃഷ്ണയുടെയും ബന്ധുക്കളുടെയും വീടുകളും ഓഫീസുകളും ഉള്‍പ്പെടെ സംസ്ഥാനത്തുടനീളമുള്ള നിരവധി സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിക്ക് ആരംഭിച്ച തിരച്ചില്‍ 20 സ്ഥലങ്ങളിലേക്ക് വ്യാപിച്ചു.
തന്റെ ഔദ്യോഗിക പദവി മുതലെടുത്ത് വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചെന്ന് സംശയിക്കുന്ന ബാലകൃഷ്ണയ്ക്കെതിരെ കണക്കില്‍ പെടാത്ത സ്വത്ത് സമ്പാദനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്വര്‍ണം, ഫ്ളാറ്റുകള്‍, ബാങ്ക് നിക്ഷേപങ്ങള്‍, ബിനാമി നിക്ഷേപങ്ങള്‍ എന്നിവയുള്‍പ്പെടെ 100 കോടിയിലേറെ വിലമതിക്കുന്ന സ്വത്തുക്കള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. 40 ലക്ഷം രൂപയും രണ്ട് കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 60 ഹൈ എന്‍ഡ് റിസ്റ്റ് വാച്ചുകളും സ്വത്ത് രേഖകളും ബാങ്ക് നിക്ഷേപങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. കൂടാതെ, 14 ഫോണുകള്‍, 10 ലാപ്ടോപ്പുകള്‍, നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയും കണ്ടുകെട്ടിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥര്‍ ബാലകൃഷ്ണയുടെ ബാങ്ക് ലോക്കറുകളും മറ്റ് വെളിപ്പെടുത്താത്ത സ്വത്തുക്കളും പരിശോധിക്കുന്നത് ഇന്നും തുടരും.