പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ആശങ്ക വ്യക്തമാക്കി ഇന്ത്യ, ചർച്ചയിലൂടെ പരിഹാരം കാണണം, ‘ഇന്ത്യാക്കാരെ തത്കാലം ഒഴിപ്പിക്കില്ല’

ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ തല്ക്കാലം നീക്കമില്ലെന്ന് വിദേശകാര്യമന്ത്രാലയം. സ്ഥിതി നിരീക്ഷിക്കുകയാണെന്നും രക്ഷാ ദൗത്യത്തിന് ഇപ്പോൾ നീക്കമില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. സംഘർഷം വ്യാപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതിൽ കടുത്ത ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സമാധാന ശ്രമങ്ങളുമായി സഹകരിക്കാൻ ഇന്ത്യ തയ്യാറാണ്. ചർച്ചകളിലൂടെ സംഘർഷം പരിഹരിക്കണമെന്നും വിദേശകാര്യവക്താവ് ആവശ്യപ്പെട്ടു.

അതിനിടെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പാകിസ്ഥാനിലേക്ക് പോകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ മാസം 15, 16 തീയതികളിലാണ് ജയശങ്കർ ഇസ്ലാമാബാദ് സന്ദർശിക്കുക. വിദേശകാര്യ മന്ത്രി എന്ന നിലയിൽ എസ് ജയശങ്കറിൻ്റെ ആദ്യ പാകിസ്ഥാൻ സന്ദർശനമാണിത്. ഇരു രാജ്യങ്ങൾക്കും ഇടയിൽ മഞ്ഞുരുകലിന്‍റെ സൂചനയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഷാങ് ഹായ് കോര്‍പ്പറേഷൻ ഓർഗനൈസേഷൻ (എസ് സി ഒ) സംഘടിപ്പിക്കുന്ന ഷാങ് ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് വിദേശകാര്യമന്ത്രി പാകിസ്ഥാനിലേക്ക് പോകുന്നത്.

കഴിഞ്ഞ 10 വർഷത്തിനിടയിൽ പാകിസ്ഥാൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ വിദേശകാര്യമന്ത്രിയാണ് ജയശങ്കർ. 2015 ഡിസംബറിലാണ് അവസാനമായി ഒരു വിദേശകാര്യ മന്ത്രി പാകിസ്ഥാൻ സന്ദർശിക്കുന്നത്. അന്ന് സുഷമ സ്വരാജാണ് പാകിസ്ഥാനിലേക്ക് പോയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് ക്ഷണം ലഭിച്ചിരുന്നത്. എന്നാൽ മോദിക്ക് പകരം വിദേശകാര്യമന്ത്രി എസ് ജയശങ്കറാകും പാകിസ്ഥാനിലേക്ക് പോകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുകയായിരുന്നു.

More Stories from this section

family-dental
witywide