ബൈഡന് വേണ്ടി ഫണ്ട് ശേഖരിക്കാന്‍ ഇന്ത്യന്‍ അമേരിക്കന്‍ ശതകോടീശ്വരന്‍ വിനോദ് ഖോസ്ല, ടിക്കറ്റ് നിരക്ക് 100,000 ഡോളര്‍ വരെ

വാഷിംഗ്ടണ്‍: പ്രമുഖ ഇന്ത്യന്‍ അമേരിക്കന്‍ ശതകോടീശ്വരന്‍ വിനോദ് ഖോസ്ല സിലിക്കണ്‍ വാലിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനായി ഫണ്ട് ശേഖരണത്തിന് സ്വീകരണമൊരുക്കുന്നു. കാലിഫോര്‍ണിയയിലെ പോര്‍ട്ടോള വാലിയിലെ അദ്ദേഹത്തിന്റെ വീട്ടിലാണ് വലിയ ഫണ്ട് ശേഖരണ സ്വീകരണം സംഘടിപ്പിക്കുക. അടുത്ത വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഇവന്റിന് സംഭാവന ടിക്കറ്റ് നിരക്ക് 6,600 മുതല്‍ 100,000 ഡോളര്‍ വരെയാണ്.

ഫണ്ട് ശേഖരണ പരിപാടിയില്‍ ആരൊക്കെയാണ് പങ്കെടുക്കുക എന്നത് സംബന്ധിച്ച് ഇതുവരെ ലിസ്റ്റൊന്നും ലഭ്യമല്ലെങ്കിലും വ്യവസായ സംരംഭകര്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍, കൈലാഷ് ജോഷിയെപ്പോലുള്ള അക്കാദമിക് വിദഗ്ധര്‍, കന്‍വാള്‍ രേഖി, സുഹാസ് പാട്ടീല്‍, കെ.ബി. ചന്ദ്രശേഖര്‍, സബീര്‍ ഭാട്ടിയ എന്നിവരുള്‍പ്പെടെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിലെ ചില പ്രമുഖര്‍ക്ക് ക്ഷണമുണ്ട്. സണ്‍ മൈക്രോസിസ്റ്റംസിന്റെ സഹസ്ഥാപകനും വെഞ്ച്വര്‍-ക്യാപിറ്റല്‍ സ്ഥാപനമായ ഖോസ്ല വെഞ്ചേഴ്സിന്റെ സ്ഥാപകനുമായ ഖോസ്ല ഒരു ഡെമോക്രാറ്റിക് രാഷ്ട്രീയ ദാതാവും ഈ വര്‍ഷം നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനുള്ള നിലവിലെ പ്രചാരണത്തിന് 1.4 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയ പ്രമുഖനുമാണ്.