ന്യൂയോർക്ക് ഹാർലെം അപാർട്മെൻ്റ് തീപിടുത്തത്തിൽ ഇന്ത്യൻ ജേർണലിസ്റ്റ് ഫാസിൽ ഖാൻ കൊല്ലപ്പെട്ടു

ഇന്ത്യയിൽ നിന്നുള്ള മാധ്യമ പ്രവർത്തകൻ ഫാസിൽ ഖാൻ (27) ന്യൂയോർക്ക് ഹാർലം അപാർട്മെൻ്റ് തീപിടുത്തത്തിൽ കൊല്ലപ്പെട്ടതായി ഇന്ത്യൻ എംബസ്സി അറിയിച്ചു. കൊളംബിയ ജേർണലിസം സ്കൂളിൽ നിന്നും പത്രപ്രവർത്തനത്തിൽ കോഴ്സ് പൂർത്തിയാക്കിയ ഫാസിൽ ഹെച്ചിൻഗർ റിപ്പോർട്ടിലെ ഡേറ്റാ ജേർണലിസ്റ്റായി ന്യൂയോർക്കിൽ ജോലിചെയ്യുകയായിരുന്നു. മുമ്പ് ഡൽഹിയിൽ ബിസിനസ് സ്റ്റാൻഡേർഡിൽ ജോലി ചെയ്തിട്ടുണ്ട് . 2018 ൽ സിഎൻഎൻ – ന്യൂസ് 18നിൽ ഡൽഹിയിൽ ജോലി ചെയ്തിട്ടുണ്ട്. 2020ലാണ് ന്യൂയോർക്കിലേക്ക് വന്നത്.

ന്യൂയോർക്കിലെ ഹാർലമിലെ സെൻ്റ് നിക്കോളാസ് പ്ലേസ് അപ്പാർട്മെൻ്റിൽ ലിഥിയം അയൺ ബാറ്ററിയിൽ നിന്നുണ്ടായ തീപിടിത്തത്തിലാണ് ഫാസിൽ മരിച്ചത്. തീ പിടിച്ച കെട്ടിടത്തിൽ നിന്നും രക്ഷപ്പെടാൻ ആളുകൾ ജനലിലൂടെ താഴേക്ക് ചാടുകയായിരുന്നു. 17 പേർക്ക് പരുക്കേറ്റിട്ടുണ്ട്. 4 പേരുടെ നില ഗുരുതരമാണ്. ന്യൂയോർക്കിലെ ഇന്ത്യൻ എംബസിയാണ് കൊല്ലപ്പെട്ടയാൾ 27 കാരനായ ഫാസിൽ ഖാനാണെന്ന് അറിയിച്ചത്. അവർ അയാളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു.

ആറുനില കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. അഗ്നി ശമന സേന എത്തി ഒരുപാടു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സ്മാർട് ഫോണുകളിലും ഇ ബൈക്കുകളിലും ഉപയോഗിക്കുന്നത് ലിഥിയം അയൺ ബാറ്ററിയാണ്. അതു മൂലം ധാരാളം അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം അമേരിക്കയിൽ ഇതു മൂലം 267 അപടങ്ങളുണ്ടായിട്ടുണ്ട്, അതിൽ 18 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട് .

Indian Journalist Killed In New York Apartment fire