
ന്യൂഡല്‍ഹി: പഞ്ചാബില്‍ നിന്നുള്ള 28 കാരനായ ഇന്ത്യന്‍ വംശജനായ ഗുര്‍ജിത് സിങ്ങിനെ ന്യൂസിലന്‍ഡിലെ ഡുനെഡിനിലെ വീടിന് പുറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സിംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 33 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗുര്‍ജിത്തിന്റെ പിതാവ് നിഷാന്‍ സിംഗ് അദ്ദേഹത്തെ ന്യൂസിലന്‍ഡിലേക്ക് അയയ്ക്കുന്നതിനായി പഞ്ചാബിലെ തന്റെ ഭൂമി വിറ്റതായി സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലുധിയാനയില്‍ നിന്നുള്ള 28 കാരന്‍ ടെലികോം കമ്പനിയായ കോറസില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു.
സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റാരോപണങ്ങള്‍ നേരിടുന്ന 33 കാരനായ സംശയിക്കപ്പെടുന്നയാളുടെ വിശദാംശങ്ങള്‍ ഇതുവരെ പങ്കുവെച്ചിട്ടില്ല.
28 കാരനെ കഴിഞ്ഞ ആഴ്ച മരിച്ച നിലയില്‍ കണ്ടെത്തുകയും മൃതദേഹം പൈന്‍ ഹില്ലിലെ വീടിന് പുറത്ത് കണ്ടെത്തുകയും ചെയ്തു. ഹിലാരി സ്ട്രീറ്റിലെ വസതിയില്‍ വെച്ച് മൂര്‍ച്ചയേറിയ വസ്തു കൊണ്ട് നിരവധി കുത്തുകള്‍ ഏറ്റതിനാലാണ് ഗുര്‍ജിത് സിംഗ് മരണത്തിന് കീഴടങ്ങിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു.
ഗുര്‍ജിത് സിംഗ് തന്റെ ഭാര്യ ന്യൂസിലാന്‍ഡിലേക്ക് വരുന്നതും കാത്തിരിക്കുകയായിരുന്നെന്നും ആവേശഭരിതനായിരുന്നുവെന്നും സിംഗിന്റെ ഒരു സുഹൃത്ത് പറഞ്ഞു.
തിങ്കളാഴ്ച ഡുനെഡിനിലെത്തിയ സിങ്ങിന്റെ പിതാവ് നിഷാന്‍ സിംഗ്, പ്രതിയെ പിടികൂടുന്നതില്‍ പോലീസ് നന്നായി ജോലിചെയ്‌തെന്നും എന്നാല്‍, പ്രതി ശിക്ഷിക്കപ്പെട്ട് നീതി ലഭിക്കുന്നതുവരെ തൃപ്തിപ്പെടില്ലെന്നും പറഞ്ഞു.