
വാഷിംഗ്ടണ്‍: നിരപരാധിയായിട്ടും 38 വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്ന ഇന്ത്യൻ വംശജന് ഫ്ലോറിഡയിലെ ജയിലില്‍ മരണം. ബ്രിട്ടീഷ് പൗരൻ കൂടിയായ ക്രിസ് മഹാരാജ് 85-ാം വയസ്സിൽ തിങ്കളാഴ്ച മയാമിയിലെ ജയിൽ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. 1986-ല്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് ബിസിനസുകാരനായ ഡെറിക്ക് മൂ യങ്ങിനെയും മകൻ ഡുവാൻ മൂ യങ്ങിനെയും വെടിവെച്ച് കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ക്രിസ് മഹാരാജിനെ ഒന്നാം ഡിഗ്രി കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
അക്കാലത്ത് അതിസമ്പന്നനും യുഎസിലെ ബിസിനസുകാരില്‍ പ്രധാനിയായിരുന്ന ക്രിസ് കൊലക്കേസില്‍ അകപ്പെട്ടത് ലോകത്തെ ഞെട്ടിച്ചിരുന്നു. സാക്ഷി മൊഴികള്‍ എതിരായതോടെ കോടതി ക്രിസിന്‍റെ വാദങ്ങള്‍ തള്ളി. കേസില്‍ ക്രിസിനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. വർഷങ്ങളുടെ നിയമപോരാട്ടത്തിനൊടുവിൽ ക്രിസ് മഹാരാജിനെ 2019ല്‍ കോടതി നിരപരാധിയാണെന്ന് കണ്ടെത്തി. എന്നാല്‍ അപ്പോഴും ക്രിസിന് പുറത്തേക്കുള്ള വാതില്‍ തുറന്നില്ല. കേസിലെ പ്രധാന സാക്ഷി നിരവധി തവണ കൂറ് മാറിയതാണ് കാരണം.
ഇതിനിടെ കൊല്ലപ്പെട്ട ഡെറിക്ക് മൂ യങ്ങിനെയും മകൻ ഡുവാൻ മൂ യങ്ങിനും മയക്കുമരുന്ന് മാഫിയയുമായി ബന്ധം ഉണ്ടായിരുന്നുവെന്ന വാർത്തകള്‍ പുറത്തുവന്നു. 2002ല്‍ മനുഷ്യാവകാശ സംഘടനയായ ‘റിപ്രീവ്’ എന്ന സംഘടനയുടെ സഹായത്തോടെ നടത്തിയ നിയമപോരാട്ടത്തില്‍ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. ഒരു കുറ്റവും ചെയ്യാതെ 38 വർഷത്തോളം ജയിലില്‍ കിടന്ന ക്രിസ് മഹാരാജിന്‍റെ മോചനത്തിനായി ഭാര്യ മരീറ്റയുടെ പോരാട്ടം പ്രസിദ്ധമാണ്. നിരപരാധിയായ ഭർത്താവിന്‍റ പേര് മരണ ശേഷമെങ്കിലും കൊലക്കുറ്റത്തില്‍ നിന്നും നീക്കുന്നതിനായി എല്ലാ ശ്രമങ്ങളം തുടരുമെന്ന് മരീറ്റ പറയുന്നു.
Indian Orgin Cris maharaj dies in US Jail