ട്രംപിന്റെ പട്ടികയില്‍ ഇടംപിടിച്ച് വീണ്ടും ഇന്ത്യന്‍ വംശജ; ഹര്‍മീത് കെ ധില്ലന്‍ നീതിന്യായ വകുപ്പിലെ പൗരാവകാശങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് അറ്റോര്‍ണി ജനറലാകും

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ അഭിഭാഷക ഹര്‍മീത് കെ ധില്ലനെ നീതിന്യായ വകുപ്പിലെ പൗരാവകാശങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് അറ്റോര്‍ണി ജനറലായി നാമനിര്‍ദേശം ചെയ്തതായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. തിങ്കളാഴ്ചയായിരുന്നു പ്രഖ്യാപനം. ട്രംപ് 2.0 കാബിനറ്റില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന നാലാമത്തെ ഇന്ത്യന്‍ വംശജയാണ് ഹര്‍മീത്.

ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ ട്രംപ് എഴുതി, ‘യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിലെ സിവില്‍ റൈറ്റ്സ് അസിസ്റ്റന്റ് അറ്റോര്‍ണി ജനറലായി ഹര്‍മീത് കെ. ധില്ലനെ നാമനിര്‍ദ്ദേശം ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്’. ഹര്‍മീത് തന്റെ കരിയറില്‍ ഉടനീളം പൗരാവകാശങ്ങള്‍ സംരക്ഷിക്കാന്‍ സ്ഥിരമായി നിലകൊണ്ടിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, രാജ്യത്തെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് അഭിഭാഷകരില്‍ ഒരാളാണ് ഹര്‍മീതെന്നും എല്ലാ വോട്ടുകളും എണ്ണപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോരാടിയതും പ്രശംസയായി ട്രംപ് എടുത്തുപറഞ്ഞു. പുതിയ റോളില്‍, ഹര്‍മീത് നമ്മുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ അശ്രാന്തമായ സംരക്ഷകയായിരിക്കും, കൂടാതെ പൗരാവകാശങ്ങളും തിരഞ്ഞെടുപ്പ് നിയമങ്ങളും ന്യായമായും ദൃഢമായും നടപ്പിലാക്കുകയും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.

ട്രംപിനൊപ്പം റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷനില്‍ ധില്ലണ്‍ ‘അര്‍ദാസ്’ പ്രാര്‍ത്ഥന നടത്തിയത് മുമ്പ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഏതൊരു പുതിയ ഉദ്യമവും ആരംഭിക്കുന്നതിന് മുമ്പ് സിഖുകാര്‍ ചൊല്ലുന്ന പ്രാര്‍ത്ഥനയാണിത്. ഡാര്‍ട്ട്മൗത്ത് കോളേജില്‍ നിന്നും യൂണിവേഴ്സിറ്റി ഓഫ് വെര്‍ജീനിയ ലോ സ്‌കൂളില്‍ നിന്നും ബിരുദം നേടിയ അവര്‍ യുഎസ് ഫോര്‍ത്ത് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സില്‍ ക്ലര്‍ക്ക് ആയിരുന്നു. സിഖ് മതസമൂഹത്തിലെ ആദരണീയനായ അംഗംകൂടിയാണ് ഹര്‍മീത്.

More Stories from this section

family-dental
witywide