
ഇലോന്‍ മസ്‌കിന്റെ സ്‌പേസ് എക്‌സില്‍ പ്രിന്‍സിപ്പല്‍ എഞ്ചിനീയറായ ഇന്ത്യക്കാരനാണ് ഇപ്പോൾ യുവാക്കളുടെ താരം. ഐഐടി റൂര്‍ക്കിയിലെ അലുംനിയായിട്ടുള്ള സഞ്ജീവ് ശര്‍മയുടെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചർച്ചയാണ്. ഏറെ പ്രചോദനം, മാതൃക തുടങ്ങി വിശേഷണങ്ങളോടെ സാമൂഹിക മാധ്യമങ്ങളില്‍ ശര്‍മയെ ഉയര്‍ത്തിക്കാട്ടുന്നത്. വിദ്യാഭാസത്തിലും കരിയറിലും ശർമ കൈവരിച്ച് നേട്ടങ്ങളാണ് ആളുകളെ ആകർഷിക്കുന്നത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (ഐഐടി) നിന്ന് ബിരുദം നേടിയ ശേഷമാണ് യാത്ര ആരംഭിച്ചത്, തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേയിലെ വിജയകരമായ പ്രവര്‍ത്തനവും. ഡിവിഷണല്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയി തുടങ്ങിയ അദ്ദേഹം 11 വര്‍ഷത്തോളം റെയില്‍വേയില്‍ സേവനമനുഷ്ഠിച്ച് ഡപ്യൂട്ടി ചീഫ് മെക്കാനിക്കല്‍ എഞ്ചിനീയര്‍ വരെ ആയി.
കരിയറില്‍ കൂടുതല്‍ വളര്‍ച്ചയ്ക്കായി, ശര്‍മ കൊളറാഡോ ബോള്‍ഡര്‍ സര്‍വകലാശാലയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് സീഗേറ്റ് ടെക്നോളജിയില്‍ സ്റ്റാഫ് മെക്കാനിക്കല്‍ എഞ്ചിനീയറായി ചേര്‍ന്നു. 2008-ല്‍ സീനിയര്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി. സീഗേറ്റിലെ അഞ്ച് വര്‍ഷത്തെ സേവനത്തിനിടെ, മിനസോട്ട സര്‍വകലാശാലയില്‍ നിന്ന് മാനേജ്മെന്റ് ഓഫ് ടെക്നോളജിയില്‍ എംഎസ് ബിരുദവും നേടി.
സീഗേറ്റിലെ ജോലിക്ക് ശേഷം അദ്ദേഹം സ്‌പേസ് എക്സില്‍ ഡൈനാമിക്സ് എഞ്ചിനീയറായി ചേർന്നു. സ്‌പേസ് എക്‌സിന്റെ വിപ്ലവകരമായ നേട്ടങ്ങളിലെല്ലാം ശര്‍മ കൂടെയുണ്ടായിരുന്നു. 2018ല്‍, കൊമേഴ്സ്യല്‍ ഡ്രോണ്‍ ഡെലിവറി സിസ്റ്റങ്ങളുടെ പയനിയറിംഗ് ഡെവലപ്പറായ മാറ്റര്‍നെറ്റ് ഇന്‍കോര്‍പ്പറേഷനില്‍ ചേരാന്‍ അദ്ദേഹം സ്പേസ് എക്സ് വിട്ടു. മാറ്റര്‍നെറ്റില്‍ ജോലി ചെയ്യുന്ന കാലത്ത് വെഹിക്കിള്‍ എഞ്ചിനീയറിംഗിന് നേതൃത്വം നല്‍കിയ അദ്ദേഹം പിന്നീട് ടെക്‌നോളജി വിഭാഗത്തിന്റെ തലവനായി. 2022-ല്‍ സ്‌പേസ് എക്‌സില്‍ പ്രിന്‍സിപ്പല്‍ എഞ്ചിനിയറായി തിരികെത്തി.
ബഹിരാകാശ വിക്ഷേപണത്തില്‍ പുത്തന്‍ ചരിത്രം എഴുതിച്ചേര്‍ത്ത സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ് പദ്ധതിയിലും സഞ്ജീവ് ശര്‍മ തന്റെ സേവനം നല്‍കിയിട്ടുണ്ട്.
Indian Sanjeev Sharma is in In Space X and part of Starship project