ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ചിക്കാഗോയില്‍ കാണാതായിട്ട് ഒരാഴ്ച, ആശങ്കയില്‍ കുടുംബം

ചിക്കാഗോ: തെലങ്കാനയില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ചിക്കാഗോയില്‍ കാണാതായതായി വിവരം. ഒരാഴ്ചയ്ക്കുമുമ്പ് മെയ് 2 മുതലാണ് രൂപേഷ് ചന്ദ്ര(25) എന്ന വിദ്യാര്‍ത്ഥിയെ കാണാതായത്. വിസ്‌കോണ്‍സിനിലെ കോണ്‍കോര്‍ഡിയ യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് രൂപേഷ്.

ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ രൂപേഷ് ചന്ദ്രയെ കണ്ടെത്തുന്നതിന് പോലീസുമായും ഇന്ത്യന്‍ പ്രവാസികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു. എന്‍ ഷെരിഡന്‍ റോഡിലെ 4300 ബ്ലോക്കില്‍ നിന്നാണ് ഇയാളെ കാണാതായതെന്നാണ് മൊഴി.

എക്‌സില്‍ വിദ്യാര്‍ത്ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. രൂപേഷിനെ കണ്ടെത്തുകയാണെങ്കില്‍ പോലീസില്‍ വിവരം നല്‍കണമെന്ന് ചിക്കാഗോ പോലീസും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

തെലങ്കാനയിലെ ഹനംകൊണ്ട ജില്ലയിലാണ് രൂപേഷിന്റെ കുടുംബമുള്ളത്. പിതാവ് സി.എച്ച്.സദാനന്ദം, മെയ് രണ്ടിന് ഉച്ചയ്ക്ക് മകനുമായി വാട്സ്ആപ്പില്‍ അവസാനമായി സംസാരിച്ചതായി പറയുന്നു. ചില ജോലികള്‍ ചെയ്യുന്നുണ്ടെന്ന് മകന്‍ അപ്പോള്‍ പറഞ്ഞതായും പിന്നീട് തനിക്ക് മകനെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല, ടെക്‌സാസില്‍ നിന്ന് തന്നെ കാണാന്‍ വന്ന ഒരാളെ കാണാന്‍ പോകുകയാണെന്ന് മകന്‍ പിതാവിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. പക്ഷേ അത് ആരാണെന്ന് അറിയില്ലെന്നും കുടുംബം പറഞ്ഞതായി വിവരമുണ്ട്.

ഈ വര്‍ഷം മാര്‍ച്ച് മുതല്‍ കാണാതായ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഏപ്രിലില്‍, യുഎസ് സംസ്ഥാനമായ ഒഹിയോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മുഹമ്മദ് അബ്ദുള്‍ അര്‍ഫാത്തെന്ന വിദ്യാര്‍ത്ഥിയാണ് കാണാതായശേഷം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയതാണെന്നും മോചന ദ്രവ്യം വേണമെന്നും ആവശ്യപ്പെട്ട് രക്ഷിതാവിന് ഭീഷണി കോള്‍ ലഭിക്കുകയും പിന്നീട് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയില്‍ നിന്നും വീണ്ടുമൊരു വിദ്യാര്‍ത്ഥിയെ കാണാതായിരിക്കുന്നതെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

ഈ വര്‍ഷം മാത്രം പത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ വിവിധ സാഹചര്യങ്ങളില്‍ മരണപ്പെട്ടത്. അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് ഇത്തരം സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്.

More Stories from this section

family-dental
witywide