
ന്യൂയോര്‍ക്ക്: ബൈപോളാര്‍ ഡിസോര്‍ഡര്‍ ബാധിച്ച ഇന്ത്യന്‍ യുവതിയെ ന്യൂയോര്‍ക്ക് സിറ്റിയില്‍ കാണാതായതായി വിവരം. ഫെറിന്‍ ഖോജ എന്ന 25 കാരിയെയാണ് കാണാതായിരിക്കുന്നത്. മാര്‍ച്ച് 1 ന് നഗരത്തിലെ ക്വീന്‍സ് ബറോയിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതി ഇപ്പോള്‍ എവിടെയെന്ന് ആര്‍ക്കും അറിയില്ല. പെണ്‍കുട്ടിയെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്.
ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നതനുസരിച്ച്, മാര്‍ച്ച് 1 ന് രാത്രി 11 മണിയോടെയാണ് ഫെറിന്‍ ഖോജയെ അവസാനമായി കണ്ടത്. നീല ജീന്‍സും പച്ച സ്വെറ്ററും ഒലിവ് പച്ച ജാക്കറ്റുമായിരുന്നു കാണാതാകുമ്പോള്‍ യുവതി ധരിച്ചിരുന്നത്. ഖോജയ്ക്ക് ‘ബൈപോളാര്‍ ഡിസോര്‍ഡര്‍’ ഉണ്ടെന്നും ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനെ കേസ് സംബന്ധിച്ച് വിവരമറിയിച്ചിട്ടുണ്ട്.
ഇന്ത്യാനയിലെ പര്‍ഡ്യൂ യൂണിവേഴ്സിറ്റി കാമ്പസില്‍ കാണാതായ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി രണ്ട് മാസത്തിനുശേഷമാണ് യുഎസില്‍ മറ്റൊരു ഇന്ത്യന്‍ പൗരന്റെ തിരോധാനം എത്തിയിരിക്കുന്നത്. ജോണ്‍ മാര്‍ട്ടിന്‍സണ്‍ ഹോണേഴ്സ് കോളേജ് ഓഫ് പര്‍ഡ്യൂ യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സിലും ഡാറ്റാ സയന്‍സിലും ഡബിള്‍ മേജറായ നീല്‍ ആചാര്യ എന്ന വിദ്യാര്‍ത്ഥിയെ കാണാതായി രണ്ടു ദിവസത്തിനുശേഷം മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. ഈ സംഭവത്തിന്റെ നടുക്കം മാറുംമുമ്പാണ് അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ യുവതിയുടെ തിരോധാന വാര്‍ത്തകള്‍ ചൂടുപിടിക്കുന്നത്.
ബൈപോളാര്‍ ഡിസോര്‍ഡര്‍
അപ്രതീക്ഷിതമായും വളരെ പെട്ടെന്നും വിഷാദവും ഉന്മാദവും മാറി മാറി വരുന്ന അവസ്ഥക്ക് പറയുന്നപേരാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. ഇത്തരത്തിലുള്ള മാനസികാവസ്ഥയിലുള്ളവര്‍ക്ക് മൂഡില്‍ പെട്ടന്ന് ഏറ്റക്കുറച്ചിലുകളുണ്ടാകും. മാനസികാവസ്ഥയില്‍ അപ്രതീക്ഷിതമായ രീതിയില്‍ ചാഞ്ചാട്ടം ഉണ്ടാകുന്നതും നല്ല മൂഡില്‍ ഇരിക്കുന്നതിനിടെ പെട്ടെന്ന് ദേഷ്യത്താല്‍ പൊട്ടിത്തെറിയ്ക്കുകയും ചെയ്യും ഇത്തരക്കാര്‍. ഒരാളുടെ മൂഡില്‍ വലിയ വ്യത്യാസങ്ങള്‍ വരുമ്പോള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മനസ് കൈവിട്ടുപോകുന്ന അവസ്ഥ വരാം.