
വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരന്മാരും വോട്ടവകാശമുള്ളവരുമായ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിലെ 60 ശതമാനവും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്ന് എ.എ.പി.ഐ.യുടെ സര്‍വേ ഫലം. വോട്ടവകാശമുള്ള 23 ലക്ഷം ഇന്ത്യന്‍വംശജരില്‍ 55 ശതമാനംപേര്‍ ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുന്നെന്നാണ് സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്.
നവംബര്‍ അഞ്ചിന് നടക്കുന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ 30 ശതമാനം പേര്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വോട്ടുചെയ്യാന്‍ പദ്ധതിയിടുന്നുവെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളില്‍ 67 ശതമാനവും പുരുഷന്മാരില്‍ 53 ശതമാനവും കമലയെ പിന്തുണയ്ക്കുമ്പോള്‍ ട്രംപിനെ അനുകൂലിക്കുന്നത് 22 ശതമാനം സ്ത്രീകളും 39 ശതമാനം പുരുഷന്മാരും മാത്രമാണ്.
അതേസമയം, രണ്ട് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെയും ഭാവി നിശ്ചയിക്കുന്നതില്‍ പെന്‍സില്‍വാനിയ, നോര്‍ത്ത് കരോലിന, ജോര്‍ജിയ, മിഷിഗണ്‍ എന്നീ പ്രധാന സ്വിംഗ് സംസ്ഥാനങ്ങളാണ് നിര്‍ണായകമാകുക എന്നും കാര്‍ണഗീ എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് സീനിയര്‍ ഫെലോയും സൗത്ത് ഏഷ്യ പ്രോഗ്രാമിന്റെ ഡയറക്ടറുമായ മിലന്‍ വൈഷ്ണവ് വ്യക്തമാക്കുന്നു.