കുഞ്ഞിനെ കൊന്നത് അതിക്രൂരമായി, വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി; അന്വേഷണം സുഹൃത്തിലേക്കും

കൊച്ചി: കേരളത്തെ ഞെട്ടിച്ച കൊച്ചിയിലെ നവജാതശിശുവിന്‍റെ കൊലപാതകത്തിൽ യുവതിയുടെ മൊഴിയിലെ വിവരങ്ങൾ പുറത്ത്. കൊലപാതക ശേഷമാണ് ഫ്ലാറ്റിൽ നിന്ന് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞതെന്നടക്കം യുവതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊന്നതെന്നും യുവതി വെളിപ്പെടുത്തി. പ്രസവിച്ച ഉടനെ യുവതി കുഞ്ഞിന്റെ വായിൽ തുണി തിരുകി. കഴുത്തിൽ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി. മൃതദേഹം ഉപേക്ഷിക്കാനായിരുന്നു യുവതി തീരുമാനിച്ചതെങ്കിലും എട്ട് മണിയോടെ അമ്മ വാതിലിൽ മുട്ടിയതോടെ പരിഭ്രാന്തിയിലായി. കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് ഫ്ലാറ്റിൽ നിന്ന് വലിച്ചെറിയുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി. ഇതിനിടയിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. യുവതിയുടെ മൊഴി പ്രകാരമാകും കൂടുതൽ അന്വേഷണം നടക്കുക. യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദിക്കുക ഡോക്ടറുടെ റിപ്പോർട്ട്‌ കിട്ടിയ ശേഷം മാത്രമായിരിക്കുമെന്നും യുവതി പറഞ്ഞ സുഹൃത്തിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും കമ്മീഷണർ വ്യക്തമാക്കി.