തിരുവനന്തപുരം: കാര്യമായ പ്രഖ്യാപനങ്ങള്‍ ഇല്ലാതെ കഴിഞ്ഞ 10 വര്‍ഷത്തെ ബി ജെ പി സര്‍ക്കാരിന്റെ വികസ നേട്ടം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ചിലവില്‍ ബി ജെ പിയുടെ ഒരു മിനി പ്രകടന പത്രികയാണ് ഇടക്കാല ബഡ്ജറ്റെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല.
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ദുര്‍ബലമായ ഇടക്കാല ബഡ്ജറ്റാണ് ഇത്തവണത്തേതെന്നും 58 മിനിറ്റ് മാത്രം നീണ്ട് നിന്ന ബഡ്ജറ്റ് പ്രസംഗത്തില്‍ യുവാക്കളെയും സ്ത്രീകളെയും നിര്‍മല സീതാരാമന്‍ പാടേ മറന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിടക്കാര്‍ക്കും വാരിക്കോരി നല്‍കാനാണ് മോദി സര്‍ക്കാര്‍ ബഡ്ജറ്റില്‍ ഏറെ ശ്രദ്ധ ചെലുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എക്കണോമിക് സര്‍വ്വേ പോലും നടത്താതെ 20 കോടി ജനങ്ങളെ ദാരിദ്ര്യ രേഖക്ക് മുകളില്‍ കൊണ്ട് വന്നു എന്ന് ബഡ്റ്റില്‍ പറയാന്‍ എങ്ങനെ കഴിയും ? ‘ഇതെല്ലാം പാര്‍ലമെന്റ് ഇലക്ഷന്‍ ലക്ഷ്യം വെച്ച് കൊണ്ടുള്ള വാചക കസര്‍ത്തുമാത്രമാണ്.
മോദിയെന്ന വ്യക്തിയെ വാനോളം പുകഴ്ത്താന്‍ മാത്രമുള്ള ബജറ്റാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു