
ടെഹ്റാന്‍: ഇറാന് നേരെ ഇസ്രായേല്‍ പ്രതികാര ആക്രമണം നടത്തിയാല്‍ ”പൂര്‍ണ്ണ ഉത്തരവാദിത്തം” അമേരിക്കയ്ക്കായിരിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. പ്രതികാര ആക്രമണത്തിനുള്ള ഇസ്രായേലി പദ്ധതികളെക്കുറിച്ച് തനിക്ക് അറിയാമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സൂചിപ്പിച്ചതിനു പിന്നാലെയാണ് ഇറാന്റെ പ്രതികരണം എത്തിയത്.
ഐക്യരാഷ്ട്രസഭയുടെ മേധാവി അന്റോണിയോ ഗുട്ടെറസിനും യുഎന്‍ രക്ഷാസമിതിയുടെ സ്വിസ് പ്രസിഡന്‍സിക്കും ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ അംബാസഡര്‍ അമീര്‍ സഈദ് ഇരവാനി അയച്ച കത്തില്‍ ബൈഡന്റെ പരാമര്‍ശങ്ങള്‍ ‘അഗാധമായ ഭയാനകവും പ്രകോപനപരവുമാണ്’ എന്ന് വിശേഷിപ്പിച്ചു.
ഒക്ടോബര്‍ ഒന്നിന് ഇറാന്റെ മിസൈല്‍ ആക്രമണത്തോട് ഇസ്രായേല്‍ എങ്ങനെ, എപ്പോള്‍ പ്രതികരിക്കും എന്നതിനെക്കുറിച്ച് നല്ല ധാരണയുണ്ടോ എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അത് അറിയാമെന്ന ബൈഡന്റെ പ്രതികരണമാണ് ഇറാനെ ചൊടിപ്പിച്ചത്.
ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ടെഹ്റാന്‍ പിന്തുണയുള്ള നേതാക്കളെയും ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് ജനറലിനെയും കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാന്‍ ഇസ്രായേലിന് നേരെ
ഒക്ടോബര്‍ ഒന്നിന് 200 ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു. ഇതിനെതിരെ പ്രതികാര ആക്രമണത്തിന് ഇസ്രയേല്‍ തയ്യാറെടുക്കുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.