സ്വവര്‍ഗാനുരാഗം കുറ്റകരമാക്കിയുള്ള ബിൽ പാസ്സാക്കി ഇറാഖ്; 15 വർഷം വരെ തടവ്

ബാഗ്ദാദ്: സ്വവർഗ ബന്ധങ്ങൾ ക്രിമിനൽ കുറ്റമാക്കുന്ന ബിൽ പാസാക്കി ഇറാഖ് പാർലമെൻ്റ്. ബിൽ നിയമമാകുന്നതോടെ പിടിക്കപ്പെടുന്നവർക്ക് 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇറാഖിന്റെ പുതിയ ബില്ലിനെ മനുഷ്യാവകാശങ്ങൾക്കെതിരായ ആക്രമണം എന്ന് വിവിധ അവകാശ സംഘടനകൾ അപലപിച്ചു.

രാജ്യത്തിന്റെ മതവികാരങ്ങളെയും മൂല്യങ്ങളെയും നശിപ്പിക്കുന്ന തരത്തിലുള്ളവയാണ് സ്വവര്‍ഗാനുരാഗമെന്ന് പറഞ്ഞാണ് നിയമം പാസ്സാക്കിയിരിക്കുന്നത്. ക്വീര്‍ സമൂഹത്തിന് നേരെ ഇറാഖ് നിരന്തരം നടത്തുന്ന ലംഘനങ്ങളുടെ തുടര്‍ച്ചയാണിത്. ജന്‍മനായുള്ള ശാരീരിക പ്രകൃതം സ്വന്തം താല്‍പര്യത്തിനനുസരിച്ച് മാറ്റാന്‍ ശ്രമിക്കുന്നത് കുറ്റകരമാണെന്ന് ഭേദഗതിയില്‍ പറയുന്നു.

ഒന്നു മുതൽ മൂന്നു വർഷം വരെ തടവുശിക്ഷ ഈ നിയമ പ്രകാരം ട്രാന്‍സ്ജന്‍ഡറുകളും നേരിടേണ്ടിവരും. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടര്‍മാരെയും ഈ നിയമം കുറ്റക്കാരായാണ് കണക്കാക്കുന്നത്. സ്വവര്‍ഗാനുരാഗമോ ലൈംഗികത്തൊഴിലോ പ്രോത്സാഹിപ്പിക്കുന്നവർ, ‘മനഃപൂര്‍വം’ സ്ത്രീകളായി പെരുമാറുന്ന പുരുഷന്മാര്‍, പങ്കാളികളെ കൈമാറുന്ന വൈഫ് സ്വാപ്പിങ് അടക്കമുളളവ ചെയ്യുന്നവരെല്ലാം ഈ പുതിയ പ്രകാരം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.

ഇറാഖിലെ യാഥാസ്ഥിതിക സമൂഹത്തിൽ സ്വവർഗരതി നിഷിദ്ധമായിരുന്നെങ്കിലും സ്വവർഗ ബന്ധങ്ങളെ ശിക്ഷിക്കുന്ന നിയമം മുമ്പ് ഉണ്ടായിരുന്നില്ല. ബില്ലിന് അംഗീകാരം കൂടി ലഭിച്ചാല്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ കടുത്ത വെല്ലുവിളിയാകും നേരിടേണ്ടി വരികയെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളില്‍പ്പെട്ടവരെ മറ്റുപല വകുപ്പുകളിലും ഉള്‍പ്പെടുത്തി തടവിലാക്കിയ സംഭവങ്ങള്‍ മുന്‍പും ഇറാഖില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide