
ന്യൂയോര്‍ക്ക് സിറ്റി: തീവ്രവാദ സംഘടനയായ ഐഎസുമായിബന്ധമുണ്ടെന്ന് ആരോപിച്ച് അമേരിക്കയുടെ വിവിധ ഇടങ്ങളില്‍ നിന്നായി എട്ടുപേര്‍ പിടിയിലായി. ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, ലോസ്ഏഞ്ചല്‍സ് എന്നിവിടങ്ങളില്‍ നിന്നായാണ് ഇവര്‍ പിടിയിലായിരിക്കുന്നതെന്ന് എബിസി ന്യൂസ് വൃത്തങ്ങള്‍ അറിയിച്ചു.
പിടിയിലായവര്‍ താജിക്കിസ്ഥാനില്‍ നിന്നുള്ളവരാണെന്നും 2023 ല്‍ തെക്കന്‍ അതിര്‍ത്തിയില്‍ നിന്ന് അമേരിക്കയിലേക്ക് കടന്നതായുമാണ് പുറത്തുവരുന്ന വിവരം. പ്രതികളുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പരിശോധിച്ച ശേഷമാണ് പ്രതികളെ യുഎസിലേക്ക് പ്രവേശിക്കാന്‍ ആദ്യം അനുവദിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നീടാണ് ഇവര്‍ക്ക് ഐഎസ് ബന്ധമുള്ളതായി അധികൃതര്‍ മനസിലാക്കിയത്. പ്രതികളെ നാടുകടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അതേസമയം, ഇവര്‍ക്കെതിരെ ഇതുവരെ തീവ്രവാദ കുറ്റം ചുമത്തിയിട്ടില്ല. ന്യൂയോര്‍ക്ക് സിറ്റിയിലെ അന്വേഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.