
ജറുസലേം: ഗാസയില്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകന്‍ ഒക്ടോബര്‍ ഹമാസ് അംഗമാണെന്ന് ഇസ്രായേല്‍ സൈന്യം ബുധനാഴ്ച പറഞ്ഞു. അറബി ഭാഷാ റിപ്പോര്‍ട്ടര്‍ ഇസ്മായില്‍ അബു ഒമറിനും അദ്ദേഹത്തിന്റെ ക്യാമറാമാന്‍ അഹ്മദ് മതാറിനും ഗുരുതരമായി പരിക്കേറ്റതായി ചൊവ്വാഴ്ച അല്‍ജസീറ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഹമാസിന്റെ ഈസ്റ്റേണ്‍ ബറ്റാലിയന്‍ ഖാന്‍ യൂനിസിലെ ഡെപ്യൂട്ടി കമ്പനി കമാന്‍ഡര്‍ എന്നാണ് ഇസ്രായേല്‍ സൈന്യം ഒമറിനെ വിശേഷിപ്പിച്ചത്.
അല്‍ജസീറ ഈ ആരോപണത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഹമാസുമായുള്ള യുദ്ധത്തില്‍ കുടുങ്ങിയ സാധാരണക്കാരുടെ ദുരവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത തങ്ങളുടെ ജീവനക്കാരെ ഇസ്രായേല്‍ സൈന്യം ബോധപൂര്‍വം ലക്ഷ്യം വച്ചതായി അല്‍ ജസീറ ചൊവ്വാഴ്ച വിമര്‍ശിച്ചു.
ഡ്രോണ്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ അബു ഒമറിന്റെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.














