റഫയില്‍ ഇസ്രായേല്‍ വ്യോമാക്രമണം : 30 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്, അമേരിക്കയെ പഴിചാരി ഹമാസ്

ഗാസ സിറ്റി: തെക്കന്‍ ഗാസ മുനമ്പിലെ റഫ നഗരത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 30 പലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ പലരുടെയും നില അതീവഗുരുതരമായതിനാല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ അന്തിമ മരണസംഖ്യ ഇനിയും വ്യക്തമല്ല. 15 ദിവസം മുമ്പ് ഇസ്രായേല്‍ സൈന്യം കരയില്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് നഗരത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് ആളുകള്‍ക്ക് അഭയം നല്‍കിയ പടിഞ്ഞാറന്‍ റഫയിലെ സമീപപ്രദേശത്താണ് ആക്രമണം നടന്നത്.

ഇസ്രയേലിന് ആയുധങ്ങളും സാമ്പത്തിക സഹായവും നല്‍കിയതിന് ഉത്തരവാദി അമേരിക്കയാണെന്ന് ആരോപിച്ച് ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആക്രമണത്തെ ‘കൂട്ടക്കൊല’ എന്ന് വിശേഷിപ്പിച്ചു. വ്യോമാക്രമണത്തില്‍ അഭയാര്‍ത്ഥികള്‍ കഴിഞ്ഞിരുന്ന കൂടാരങ്ങള്‍ കത്തിനശിച്ചു. അതേസമയം, റഫയിലെ ഹമാസ് പോരാളികളെ വേരോടെ പിഴുതെറിയണമെന്നും പ്രദേശത്ത് തടവിലാക്കപ്പെട്ടതായി അവകാശപ്പെടുന്ന ബന്ദികളെ രക്ഷപ്പെടുത്തണമെന്നും ഇസ്രായേല്‍ നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഗാസയ്ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തെ അന്താരാഷ്ട്ര സമൂഹം അപലപിക്കുകയും സംയമനം പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അടുത്തിടെ, ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തിനെതിരെ വ്യാപകമായ പ്രതിഷേധം യുഎസിലെ നിരവധി സര്‍വകലാശാലകള്‍ കണ്ടു. എന്നിട്ടും ലക്ഷ്യത്തില്‍ നിന്നും പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അതേസമയം, ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 36,000 പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.