
പെര്‍ത്ത്: ഇന്ത്യക്ക് ബാറ്റിംഗ് പിച്ചും ഓസ്ട്രേലിയക്ക് ബൗളിംഗ് പിച്ചുമാണോ പെർത്തിൽ ഒരുക്കിയത് എന്ന് ആരെങ്കിലും പരിഹസിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല എന്നതാണ് ഒന്നാം ടെസ്റ്റിലെ അവസ്ഥ. യശസ്വി ജയ്‌സ്വാളും വിരാട് കോലിയും സെഞ്ചുറി അടിച്ച പിച്ചിൽ രണ്ടാം ഇന്നിങ്സിലും ഓസ്ട്രേലിയ തകർന്നടിയുകയാണ്. 534 റണ്‍സെന്ന പടുകൂറ്റൻ ലക്ഷ്യത്തിന് മുന്നിൽ മൂന്നം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഓസിസ് 3 ന് 12 എന്ന നിലയിലാണ്.
നേരത്തെ യശസ്വി ജയ്‌സ്വാളിന് പുറമേ സൂപ്പര്‍ താരം വിരാട് കോലിയും സെഞ്ച്വറി അടിച്ചതോടെ മൂന്നാം ദിനം ഗംഭീരമാക്കി ഇന്ത്യ. ടെസ്റ്റില്‍ കഴിഞ്ഞ കുറെ നാളുകളായി മുന്‍കാല പ്രകടനങ്ങളെ അപേക്ഷിച്ച് വേണ്ടത്ര ഫോമിലേക്ക് ഉയരാന്‍ കഴിയാത്തതില്‍ വിമര്‍ശനം നേരിടുന്നതിനിടെയാണ് കോഹ് ലിയുടെ മിന്നുന്ന സെഞ്ച്വറി. 143 പന്തില്‍ നിന്ന് എട്ടു ബൗണ്ടറിയുടെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെയാണ് കോഹ് ലിയുടെ മാസ്മരിക പ്രകടനം. കോഹ് ലിയുടെ 30-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്.
സെഞ്ച്വറി അടിച്ചതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലര്‍ ചെയ്തു. ആറു വിക്കറ്റ് നഷ്ടത്തില്‍ 487 റണ്‍സ് എടുത്തുനില്‍ക്കുമ്പോഴാണ് ഡിക്ലയര്‍ ചെയ്യാന്‍ ക്യാപ്റ്റന്‍ ബുംറ തീരുമാനിച്ചത്. ഇതോടെ ഒന്നാം ഇന്നിംഗ്‌സിലെ 46 റണ്‍സിന്റെ ലീഡോടെ 534 റണ്‍സാണ് ഇന്ത്യ ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ വച്ചിരിക്കുന്ന വിജയലക്ഷ്യം.
വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രിസീലിറങ്ങിയ ഇന്ത്യ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്നതാണ് കണ്ടത്. കെ എല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, യശസ്വി ജയ്‌സ്വാള്‍, ഋഷഭ് പന്ത്, ധ്രുവ് ജുറെല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്.