ജല്ലിക്കെട്ട് കാളയെക്കൊണ്ട് ജീവനുള്ള കോഴിയെ ബലമായി കഴിപ്പിച്ചു, യൂട്യൂബര്‍ക്കെതിരെ കേസ്

ചെന്നൈ: തന്റെ ജെല്ലിക്കെട്ട് കാളയെക്കൊണ്ട് ജീവനുള്ള പൂവന്‍കോഴിയെ ബലമായി തീറ്റിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെ തമിഴ്നാട് പോലീസ് കേസെടുത്തു. സേലം ജില്ലയിലെ ചിന്നപ്പംപട്ടിയില്‍ നിന്നുള്ള അസ്വസ്ഥജനകമായ വീഡിയോ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുകയാണ്. കാളയെക്കൊണ്ട് കോഴിയെ ചവയ്ക്കാന്‍ നിര്‍ബന്ധിക്കുന്നതായി വീഡിയോയില്‍ കാണാം.

കാളയെ നിയന്ത്രിക്കാന്‍ മൂന്ന് പേര്‍ കാളയെ പിടിക്കുന്നുണ്ട്. അതേസമയം, മറ്റൊരാള്‍ ആദ്യം പച്ചമാംസം കാളയ്ക്ക് നല്‍കുകയും തുടര്‍ന്ന് ജീവനുള്ള പൂവന്‍ കോഴിയെ കാളയുടെ വായിലേക്ക് കുത്തിക്കയറ്റുന്നതും യൂട്യൂബര്‍ രഗുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത 2.48 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കാണിക്കുന്നു.

പീപ്പിള്‍ ഫോര്‍ കാറ്റില്‍ എയിം ഇന്ത്യയുടെ (പിഎഫ്‌സിഐ) സ്ഥാപകന്‍ അരുണ്‍ പ്രസന്നയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സേലം ജില്ലാ പൊലീസ് മൃഗപീഡനം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും തരമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

ജയിക്കുന്ന കാളകള്‍ക്കും ഉടമകള്‍ക്കും സ്വര്‍ണ്ണ നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ ലഭിക്കുന്ന ജല്ലിക്കെട്ടില്‍ കാളയുടെ വിജയസാധ്യത മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ജീവനുള്ള കോഴിയെ ഭക്ഷണമായി നല്‍കിയതെന്ന് മൃഗാവകാശ പ്രവര്‍ത്തകന്‍ പറയുന്നത്.

ഉത്സവത്തില്‍ വിജയിക്കുന്ന കാളകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരും ഉയര്‍ന്ന വിലയും ലഭിക്കുന്നു. മാത്രമല്ല ഇവയെ പ്രജനനത്തിനായും ഉപയോഗിക്കുന്നു.

അതേസമയം, മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റവും എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാള ഒരു സസ്യഭുക്കായ മൃഗമാണ്, അതിന് ഭക്ഷണമായി ജീവനുള്ള കോഴിയെ നല്‍കുന്നത് സങ്കല്‍പ്പിക്കാനാവില്ലെന്നും പരാതിക്കാരനായ അരുണ്‍ കൂട്ടിച്ചേര്‍ത്തു. ഈ കാള മത്സരത്തില്‍ ജയിച്ചാല്‍ ഇത്തരത്തിലുള്ള പ്രവണത മറ്റുള്ളവരും തുടരുമോ എന്നതാണ് തന്റെ ഭയമെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

More Stories from this section

family-dental
witywide