
അഞ്ച് വർഷം മുമ്പ് ഒരു മാർച്ച് 23 മുതൽ കേരളം ചർച്ച ചെയ്യുന്ന പേരാണ് ജസ്ന മരിയ ജയിംസ്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വർഷം വിദ്യാർത്ഥിനിയായിരുന്നു ജസ്ന. പത്തനംതിട്ട വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് വീട്ടിൽ ജസ്നയെ പെട്ടെന്നൊരു ദിവസം കാണാതാവുന്നത്. മുണ്ടക്കയം പുഞ്ചവയലിലെ ബന്ധു വീട്ടിലേക്ക് പോവുന്നു എന്ന് പറഞ്ഞാണ് ജസ്ന 2018 മാർച്ച് 22ന് വീട്ടിൽ നിന്നിറങ്ങിയത്. അവൾ അവിടെ എത്തിയില്ല. അവൾ എവിടേക്കാണ് പോയത്? അല്ലെങ്കിൽ ആരാണ് അവളെ കൊണ്ടുപോയത്?
എരുമേലി വരെ സ്വകാര്യ ബസിൽ എത്തിയെന്ന് സാക്ഷി മൊഴിയുണ്ട്. പിന്നീട് ആരും കണ്ടിട്ടില്ല. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ജസ്ന ഫോൺ ഫോൺ എടുത്തിരുന്നില്ല. ഇത് മനപ്പൂർവമാണോ?
കൊലപാതകം, ആത്മഹത്യ, ഒളിച്ചോട്ടം മുതൽ രാജ്യാന്തര മത തീവ്രവാദ സംഘടനകളുടെ സ്വാധീനം വരെ അന്വേഷണ പരിധിയിൽ വന്നു. ലോക്കൽ പൊലീസ് മുതൽ സിബിഐ വരെയും അന്വേഷിച്ചിട്ടും ഇന്നും ദുരൂഹത തുടരുന്നു.
കേരള പൊലീസ് പ്രതീക്ഷ നൽകി പിൻവാങ്ങി
മുണ്ടക്കയത്തെ ബന്ധുവീട്ടിൽ പോയ ജസ്ന തിരികെ വന്നില്ല എന്നു പറഞ്ഞാണ് പിതാവ് ജയിംസ് പൊലീസിൽ പരാതി നൽകിയത്. വെച്ചൂച്ചിറ പൊലീസും പെരിനാട് പൊലീസും പലവഴികളിൽ അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടിയില്ല. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. അന്വേഷണത്തിനിടെ പത്തനംതിട്ട പൊലീസ് മേധാവിയായിരുന്ന കെ.ജി. സൈമൺ വെച്ചൂച്ചിറയിലെ വീട്ടിലെത്തി നല്ല വാർത്ത ഉടൻ ഉണ്ടാകുമെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപി ആയിരുന്ന ടോമിൻ ജെ. തച്ചങ്കരിയും ജസ്നയെ കുറിച്ച് വിവരം കിട്ടിയതായി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഒന്നും സംഭവിച്ചില്ല.
വീട്ടിലുണ്ടായിരുന്ന ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും കിട്ടിയില്ല. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ലക്ഷത്തോളം ഫോൺ നമ്പറുകളാണ് ശേഖരിച്ചത്. 4,000 നമ്പറുകൾ സൂക്ഷ്മ പരിശോധന നടത്തി.പെൺകുട്ടിയെ കാണാതായ ദിവസം 16 തവണ വിളിച്ച ആൺ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. കേരളത്തിന് പുറത്ത് കുടകിലും ബെംഗളൂരുവിലും ചെന്നെയിലും ഒക്കെ അന്വേഷണസംഘം നേരിട്ട് ചെന്ന് അന്വേഷിച്ചു. ഇതിനിടെ പലതവണ പലയിടങ്ങളിലും ജസ്നയെ കണ്ടു എന്ന് സന്ദേശങ്ങൾ വന്നു. അന്വേഷണത്തിൽ കാര്യമൊന്നുമുണ്ടായില്ല. പിതാവ് ജെയിംസ് അടക്കം അടുത്ത ബന്ധുക്കളെ പലതവണ ചോദ്യം ചെയ്തു. വിവിധ പരീക്ഷണങ്ങൾ, വനപ്രദേശങ്ങളിൽ അടക്കം പരിശോധനകൾ. ജസ്ന ജീവിച്ചിരിപ്പുണ്ടെന്ന് കേരള പൊലീസ് പറഞ്ഞെങ്കിലും തെളിവുകൾ നിരത്താനോ പെൺകുട്ടിയെ കണ്ടെത്താനോ കഴിഞ്ഞിട്ടില്ല.
സിബിഐ കൈമലർത്തി
കെഎസ്‍യു സംസ്ഥാന പ്രസിഡൻറ് ആയിരുന്ന കെ എം അഭിജിത്തും ജസ്നയുടെ സഹോദരനും ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് കേസ് സിബിഐക്ക് കൈമാറി. തിരോധാനത്തിന് പിന്നിലെ അന്തർസംസ്ഥാന, രാജ്യാന്തര ബന്ധമടക്കം പരിശോധിച്ച ശേഷം സിബിഐയും മുട്ടുമടക്കി. ജസ്നയെ കണ്ടെത്താനായി ഇൻ്റർപോൾ മുഖേന 191 രാജ്യങ്ങളിൽ യെലോ നോട്ടിസ് നൽകി. അതിനിടെ ജസ്ന വിദേശത്താണ് എന്ന കഥകളുണ്ടായി. സിബിഐ ആ നിലയിലും അന്വേഷണം നടത്തി. തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് ജസ്ന എന്ന പേര് ഉയർന്നു വന്നു. പല മതപരിവർത്തന കേന്ദ്രങ്ങളിലും സിബിഐ പരിശോധിച്ചു. എവിടെയും കണ്ടെത്തിയില്ല.
ജസ്നയ്ക്ക് എന്ത് സംഭവിച്ചു എന്ന് തനിക്ക് അറിയാമെന്ന് കൊല്ലം ജില്ലാ ജയിലിലെ ഒരു സഹതടവുകാരൻ തന്നോട് പറഞ്ഞെന്ന് പൂജപ്പുര ജയിലിലെ ഒരു തടവുകാരൻ വെളിപ്പെടുത്തിയിരുന്നു. പൂജപ്പുര ജയിലിലെ തടവുകാരനെ സിബിഐ ചോദ്യം ചെയ്തെങ്കിലും കൊല്ലത്തുള്ള തടവുകാരനെ കണ്ടെത്താനായില്ല. രാജ്യത്തിനകത്തും പുറത്തും സിബിഐ അന്വേഷിച്ചു. പലരേയും നുണ പരിശോധനയ്ക്ക് വിധേയമാക്കി. എന്നിട്ടൊന്നും ഉത്തരം കിട്ടിയില്ല. ജസ്നയുടെ ബന്ധുക്കൾക്കോ സുഹൃത്തിനോ തിരോധാനത്തിൽ പങ്കില്ല എന്ന് സിബിഐ കണ്ടെത്തി. ജസ്നയെ കാണാതായ ആദ്യ 48 മണിക്കൂർ നിർണായകമായിരുന്നു. അപ്പോൾ പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ല. ഒരാഴ്ച കഴിഞ്ഞാണ് പൊലീസ് ഉണർന്നത്. എന്ന് സിബിഐ റിപ്പോർട്ടിലുണ്ട്. ഇനിയും ഉത്തരമില്ലാത്ത ചോദ്യമായി ജസ്ന എല്ലാവരുടേയും മനസ്സിൽ നിൽക്കുകയാണ്. അവൾ കൊല്ലപ്പെട്ടോ എങ്കിൽ മൃതദേഹം എവിടെ? ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്തുകൊണ്ട് കണ്ടെത്താൻ കഴിയുന്നില്ല?
Jesna Maria James is still missing even after 5 years of police and CBI enquiry