
കോട്ടയം: ജെസ്‌നയുടെ തിരോധാനത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുണ്ടക്കയം സ്വദേശിനി. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് ജെസ്‌നയെ കണ്ടെന്നാണ് മുണ്ടക്കയം ലോഡ്ജിലെ മുന്‍ ജീവനക്കാരി വെളിപ്പെടുത്തിയത്. പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടപ്പോഴാണ് ലോഡ്ജില്‍വെച്ച് കണ്ടത് ജെസ്‌നയെയാണെന്ന് മനസിലായത്. ലോഡ്ജുടമയുടെ ഭീഷണിയെത്തുടര്‍ന്നാണ് ഇക്കാര്യം അന്ന് വെളിപ്പെടുത്താതിരുന്നതെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
”ലോഡ്ജില്‍വെച്ചാണ് അന്ന് ജെസ്‌നയെ കണ്ടത്. ഈ കൊച്ചെന്താണ് ഇവിടെ നില്‍ക്കുന്നത് മുതലാളിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം വഴക്കുണ്ടാക്കി. ഇത് ലോഡ്ജാണ് പലരും വരും നിനക്ക് ഇതിലൊന്നും ഇടപെടേണ്ട കാര്യമില്ലെന്നായിരുന്നു അയാളുടെ മറുപടി. ഇവിടെയുള്ള കാര്യങ്ങള്‍ ടൗണില്‍ പറഞ്ഞാല്‍ നിന്നെ തീര്‍ത്തുകളയുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് ക്രൈംബ്രാഞ്ച് വന്നപ്പോള്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞു. ബിജു എന്നാണ് ലോഡ്ജ് ഉടമയുടെ പേര്. അന്ന് അയാളെ പത്തനംതിട്ട പോലീസ് ഓഫീസില്‍ കൊണ്ടുപോയി ചോദ്യംചെയ്തിരുന്നു. കാണാതായതിന് ശേഷം പത്രത്തില്‍ ഫോട്ടോ കണ്ടപ്പോഴാണ് ജെസ്‌നയെ തിരിച്ചറിഞ്ഞത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇതുസംബന്ധിച്ച വിവരങ്ങൾ തേടിയിരുന്നു. എന്നാൽ വിവരങ്ങൾ പുറത്തുപറയരുതെന്ന് ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തി. റജിസ്റ്ററിൽ രേഖപ്പെടുത്താതെയാണ് ജെസ്നയ്ക്ക് മുറി നൽകിയത്. 102 ആയിരുന്നു മുറിയുടെ നമ്പർ. പത്രത്തിൽ ജെസ്നയെ കാണുന്നില്ലെന്ന വാർത്ത കണ്ടപ്പോൾ ഇക്കാര്യം ചൂണ്ടിക്കാണിച്ച് ലോഡ്ജ് ഉടമയെ വീണ്ടും സമീപിച്ചു. എന്നാൽ അയാൾ വിവരങ്ങൾ പുറത്തുപറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും മുണ്ടക്കയം സ്വദേശിനി പറഞ്ഞു.
അന്ന് ലോഡ്ജില്‍ ഒരു പയ്യനും ജെസ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നു. എറണാകുളത്ത് ഒരു പരീക്ഷയ്ക്ക് പോവുകയാണെന്നും അതിന് വന്നതാണെന്നും പറഞ്ഞു. അവര്‍ ഒരുദിവസം ലോഡ്ജില്‍ നിന്നിട്ടില്ല. മൂന്നോ നാലോ മണിക്കൂര്‍ അവിടെ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ടത്. അഞ്ചുമണിക്ക് മുന്‍പ് ഇറങ്ങിപ്പോയി. ലോഡ്ജില്‍ സിസിടിവി ക്യാമറയില്ല. വരുന്ന എല്ലാവരുടെയും പേര് രജിസ്റ്ററില്‍ എഴുതാറുമില്ല.
അതേസമയം, മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തലും ആരോപണവും തെറ്റാണെന്നും തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഇതിനുപിന്നിലെന്നും ലോഡ്ജുടമ ബിജുസേവ്യറും പ്രതികരിച്ചു.