രക്തംപുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തിയിട്ടില്ല, ജസ്‌ന ഗര്‍ഭിണിയായിരുന്നില്ല; വാദങ്ങള്‍ തള്ളി സിബിഐ

തിരുവനന്തപുരം: അഞ്ച് വര്‍ഷം മുമ്പ് പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്നയുടെ രക്തം പുരണ്ട വസ്ത്രം തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് സിബിഐ സിജെഎം കോടതിയെ അറിയിച്ചു. ജസ്നയുടെ രക്തം പുരണ്ട വസ്ത്രം പൊലീസ് വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടില്ലെന്നും ജസ്ന ഗര്‍ഭിണിയായിരുന്നില്ല എന്നും സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ നിപുൽ ശങ്കർ കോടതിയില്‍ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തിയില്ലെന്ന് ജസ്നയുടെ അച്ഛന്‍ ജെയിംസ് ജോസഫ് തടസവാദം ഉന്നയിച്ചതോടെയാണ് കോടതി സിബിഐയോട് വിശദീകരണം ആവശ്യപ്പെട്ടത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ സിബിഐ ഇന്‍സ്‌പെക്ടര്‍ കോടതിയില്‍ നേരിട്ട് ഹാജരായി. കോടതി 29 ന് വിധി പറയും.

ജസ്‌ന മരിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സിബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്ന ക്ലോഷര്‍ റിപ്പോര്‍ട്ടും സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് അന്വേഷണം അവസാനിപ്പിക്കണമെന്നാണ് സിബിഐയുടെ വാദം. എന്നാല്‍ അന്വേഷണം അവസാനിപ്പിക്കരുതെന്നും തുടരണമെന്നുമാണ് ജസ്‌നയുടെ കുടുംബം തടസഹർജിയില്‍ ആവശ്യപ്പെട്ടത്.

പത്തനംതിട്ട മുക്കോട്ടുത്തറ കല്ലുമൂല കുന്നത്ത് ഹൗസില്‍ നിന്ന് 2018 മാര്‍ച്ച് 22നാണ് ജസ്നയെ കാണാതാകുന്നത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ച് സംഘവും സിബിഐയും അന്വേഷിച്ചിട്ടും ജസ്നയ്ക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ ഒരു വ്യക്തതയും വരുത്താന്‍ കഴിഞ്ഞിട്ടില്ല.

More Stories from this section

family-dental
witywide