
വാഷിംഗ്ടണ്‍: യുക്രെയ്‌നിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം 725 മില്യണ്‍ ഡോളറിന്റെ ആയുധ പാക്കേജ് തയ്യാറാക്കുകയാണെന്ന് റിപ്പോര്‍ട്ട്. ജനുവരിയില്‍ അധികാരം ഒഴിയുന്നതിന് മുമ്പ് യുക്രേനിയന്‍ സര്‍ക്കാരിനെ ശക്തിപ്പെടുത്താന്‍ ബൈഡന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.
ലാന്‍ഡ് മൈനുകള്‍, ഡ്രോണുകള്‍, സ്റ്റിംഗര്‍ മിസൈലുകള്‍, ഹൈ മൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റങ്ങള്‍ക്കുള്ള വെടിമരുന്ന് എന്നിവയുള്‍പ്പെടെയാണ് പാക്കേജിലുള്ളത്. യുക്രെയ്‌നിലേക്ക് മുന്നേറുന്ന റഷ്യയുടെ സൈനികരെ തടയാന്‍ ഈ യുഎസ് ആയുധങ്ങള്‍ സഹായിക്കും.
റോയിട്ടേഴ്സ് റിപ്പോര്‍ട്ട് അനുസരിച്ച്, ഹിമാര്‍സ് ലോഞ്ചറുകള്‍ വിക്ഷേപിക്കുന്ന ഗൈഡഡ് മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സിസ്റ്റം (ജിഎംഎല്‍ആര്‍എസ്) റോക്കറ്റുകളില്‍ സാധാരണയായി കാണപ്പെടുന്ന ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങളും പാക്കേജില്‍ ഉള്‍പ്പെടുമെന്നാണ് വിവരം. ആയുധ പാക്കേജിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് തിങ്കളാഴ്ച എത്തുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്.