
മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഹഷ്-മണി കേസിൽ പത്താം തവണയും ഗാഗ് ഓർഡർ ലംഘിച്ച് കോടതി അലക്ഷ്യം നടത്തുന്നതിനെതിരെ ജഡ്ജിയുടെ മുന്നറിയിപ്പ്. ഇനിയും ഗാഗ് ഓർഡർ ലംഘിച്ചാൽ ജയിലിൽ കിടക്കേണ്ടി വരുമെന്നാണ് ജഡ്ജി അറിയിച്ചത്. ജസ്റ്റിസ് ജുവാൻ മെർച്ചനാണ് ട്രംപിന് ഇതുവരെയുള്ള ഏറ്റവും ഗുരുതരമായ മുന്നറിയിപ്പ് നൽകിയത്. “എൻ്റെ ജോലി നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് സംരക്ഷിക്കലാണ്,” ജഡ്ജി പറഞ്ഞു.
നേരത്തെ, ഹഷ്-മണി കേസ് നടപടികളിൽ, ഒമ്പതു തവണ ഗാഗ് ഓർഡർ ലംഘിച്ച് കോടതിയലക്ഷ്യം നടത്തിയതിന് ട്രംപിന് 1,000 ഡോളർ വീതം പിഴ ജസ്റ്റിസ് മെർച്ചൻ ചുമത്തിയിരുന്നു.
ഹഷ് മണി കേസിൽ മൂന്നാം ആഴ്ച വിചാരണ തുടരുന്നതിനിടെ തിങ്കളാഴ്ചയാണ് സംഭവം.കോടതി അലക്ഷ്യത്തിന് 9.000 ഡോളർ ഗാഗ്-ഓർഡർ പിഴ ഒടുക്കിയിട്ടും ട്രംപിൻ്റെ നിലപാടിൽ മാറ്റമൊന്നും കാണാത്തതിനാലാണ് ജഡ്ജിയുടെ ഇടപെടൽ. ഇങ്ങനെ പോയാൽ ഈ കോടതി ജയിൽ ശിക്ഷ പരിഗണിക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. . “ഞാൻ അവസാനമായി ചെയ്യാൻപോകുന്നത് നിങ്ങളെ ജയിലിൽ അടയ്ക്കുകയാണെന്ന് നിങ്ങൾ മനസ്സിലാക്കണം.” ജഡ്ജി പറഞ്ഞു.
ട്രംപിനെ തടവിലാക്കുന്നത് കേസിലെ നടപടികളെ വളരെയധികം ബാധിക്കുമെന്ന് അറിയാമെന്നും എന്നാൽ ട്രംപിൻ്റെ നിയമ ലംഘനങ്ങൾ നിയമവാഴ്ചയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണമാണെന്നും കോടതി നിരീക്ഷിച്ചു.
ഇതെല്ലാം കേട്ട് കർശനമായ ഭാവത്തോടെ കോടതിയിൽ ഇരുന്ന ട്രംപ് ജഡ്ജിയുടെ ഭീഷണിയിൽ ഒരു ഭാവമാറ്റവും പ്രകടിപ്പിച്ചില്ല.
എന്നാൽ കോടതി പിരിഞ്ഞ ശേഷം ട്രംപ് ഗാഗ് ഓർഡറിനെ “അപമാനകരം” എന്ന് വിളിച്ചു. ഹഷ് മണി കേസ് രാഷ്ട്രീയമായി തന്നെ വേട്ടയാടാൻ കെട്ടിച്ചമച്ചതാണ് എന്ന തരത്തിലും ജഡ്ജി ഡമോക്രാറ്റുകളുടെ കയ്യിലെ കളിപ്പാവയാണ് എന്ന തരത്തിലും അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകളിടുന്നത് ട്രംപ് പതിവാക്കിയാതാണ് കോടതിയെ പ്രകോപിച്ചത്. കോടതിക്ക് എതിരായ പോസ്റ്റുകൾ ഉടൻ തന്നെ നീക്കണമെന്നും വീണ്ടും 1000 ഡോളർ കൂടി പിഴയൊടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.