ജൂലിയൻ അസാൻജിനെ യുഎസിന് വിട്ടുകൊടുക്കുന്നത് ലണ്ടൻ ഹൈക്കോടതി തടഞ്ഞു, നിയമ പോരാട്ടം തുടരാം

യുഎസിന് കൈമാറുന്നതിനെതിരെയുള്ള നിയമ പോരാട്ടം തുടരാൻ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന് ലണ്ടൻ ഹൈക്കോടതി അനുമതി നൽകി. 2010-ലും 2011-ലും ആയിരക്കണക്കിന് രഹസ്യ രേഖകളും നയതന്ത്ര കേബിളുകളും വിക്കിലീക്സ് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ചാരവൃത്തി ആരോപിച്ച് യുഎസ് അധികാരികൾ അസാൻജിനെ ആവശ്യപ്പെട്ടിരിക്കുകയാണ്. യുഎസ് നിയമം അനുസരിച്ച് 175 വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് അസാൻജിനെതിരെ ചുമത്തിയിരിക്കുന്നത്.

വധശിക്ഷ നൽകില്ലെന്നും പൌരാവകാശങ്ങൾ സംരക്ഷിക്കുമെന്നും ഉറപ്പു നൽകിയാണ് യുഎസ് അസാൻജിനെ കൈമാറാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ യുഎസിൻ്റെ ഉറപ്പ് സ്വീകരിക്കരുത് എന്ന് അസാൻജിന്റെ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു. അസാൻജ് യുഎസ് പൌരനല്ലാത്തതിനാൽ ഈ ഉറപ്പ് യുഎസ് കോടതിക്ക് ബാധകമായിരിക്കില്ല എന്ന വാദം ലണ്ടൻ ഹൈക്കോടതി സ്വീകരിച്ചു.

മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം 2022 ജൂണിൽ അസാൻജിനെ കൈമാറാൻ യുകെ തീരുമാനിച്ചിരുന്നു. ഇതിനെതിരായ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. അസാൻജിന് വധശിക്ഷ നൽകില്ല എന്ന ഉറപ്പ് നൽകിയാൽ മാത്രമേ വിട്ടുനൽകൂ എന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോഗ്യകാരണങ്ങളാൽ അസാൻജ് ഇന്നലെ കോടതിയിൽ എത്തിയിരുന്നില്ല. നിരവധി അസാൻജ് അനുകൂലികളും മനുഷ്യാവകാശ പ്രവർത്തകരും കോടതിയുടെ പുറത്ത് ആഹ്ളാദ പ്രകടനം നടത്തി.

Julian Assange can Continue his legal fight against extradition to the US

More Stories from this section

family-dental
witywide