
ന്യൂഡല്‍ഹി: സീനിയര്‍ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്രംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ക്കെതിരെയുള്ള പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമുയര്‍ത്തി ജന്തര്‍ മന്തറില്‍ ജൂനിയര്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം. സീനിയര്‍ താരങ്ങളുടെ പ്രതിഷേധം കാരണം രാജ്യത്ത് ഗുസ്തി മത്സരങ്ങള്‍ നിലച്ച അവസ്ഥയിലാണെന്ന് ആരോപിച്ചാണ് പ്രതിഷേധം.
ഗുസ്തി മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് താരങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഗുസ്തി ഫെഡറേഷന്റെ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കാണാനും താരങ്ങള്‍ ശ്രമിച്ചു. വിവാദങ്ങളെത്തുടര്‍ന്ന് പുതിയ ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്തതിനാല്‍ തങ്ങള്‍ക്ക് പരിശീലിക്കാനോ മത്സരങ്ങളില്‍ പങ്കെടുക്കുവാനോ കഴിയുന്നില്ലെന്ന് ജൂനിയര്‍ താരങ്ങള്‍ ആരോപിക്കുന്നു. അതേസമയം ഫെഡറേഷന്റെ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അനുയായികളാണ് പ്രതിഷേധിക്കുന്ന ജൂനിയര്‍ താരങ്ങളെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ലൈംഗികാരോപണം നേരിടുന്ന മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിന്റെ വിശ്വസ്തനായ സഞ്ജയ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സാക്ഷി മാലിക് ഗുസ്തി കരിയര്‍ അവസാനിപ്പിച്ചിരുന്നു. ബജ്‌റംഗ് പൂനിയയും വിജേന്ദര്‍ സിങ്ങും പത്മശ്രീ തിരികെ നല്‍കിയും വിനേഷ് ഫോഗട്ട് ഖേല്‍രത്ന, അര്‍ജുന അവാര്‍ഡുകള്‍ ഉപേക്ഷിച്ചും പ്രതിഷേധം രേഖപ്പെടുത്തിരുന്നു.