
ഫീനിക്സ് : സ്ത്രീകൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സ്ത്രീകളെ താൻ സംരക്ഷിക്കുമെന്ന ഡൊണാൾഡ് ട്രംപിൻ്റെ പ്രസ്താവന കാണിക്കുന്നത് സ്ത്രീകളുടെ അവകാശത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവില്ലായാമയാണെന്നും ഇത്തരം അഭിപ്രായപ്രകടനങ്ങൾ അരോചകമാണെന്നും ഡെമോക്രാറ്റ് സ്ഥാനാർഥി കമലാ ഹാരിസ്.
“സ്വന്തം ശരീരമുൾപ്പെടെ, സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ അവകാശങ്ങൾ ട്രംപിനു മനസ്സിലാകുന്നില്ല. അത് കുറ്റകരമാണെന്ന് ഞാൻ കതുതുന്നു.” പടിഞ്ഞാറൻ സ്വിങ് സ്റ്റേറ്റുകളായ അരിസോണയിലും നെവാഡയിലും പ്രചാരണത്തിനായി പോകും മുമ്പ് ഹാരിസ് ഫീനിക്സിൽ തിരഞ്ഞെടുപ്പ റാലിയിൽ പ്രസംഗിക്കുകയായിരുന്നു.
“സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയോ, സ്വന്തം താൽപ്പര്യങ്ങൾക്ക് അതിനനുസരിച്ച് തീരുമാനങ്ങൾ എടുക്കാനുമുള്ള സ്ത്രീകളുടെ കഴിവിനേയോ അദ്ദേഹം ബഹുമാനിക്കുന്നില്ല. എന്നാൽ ഞങ്ങൾ സ്ത്രീകളെ വിശ്വസിക്കുന്നു.” കമല പറഞ്ഞു.
സ്ത്രീ വോട്ടർമാരുടെ പ്രീതി പിടിച്ചുപറ്റാൻ ട്രംപ് അതി കഠിനമായി പരിശ്രമിക്കുന്നതിനിടെയാണ് കമലയുടെ ഈ പരാമർശങ്ങൾ. ഇരുപാർട്ടികളിലേയും സ്ത്രീകളെ ലക്ഷ്യമിട്ട് സ്ത്രീ സ്വാതന്ത്ര്യം എന്ന വിഷയത്തിൽ കേന്ദ്രീകരിച്ചാണ് കമലയുടെ പ്രസംഗങ്ങളെല്ലാം. സ്ത്രീകൾക്ക് അവരുടെ ശരീരത്തെക്കുറിച്ച് സ്വന്തമായി തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ട്രംപ് തിരഞ്ഞെടുക്കപ്പെട്ടാൽ കൂടുതൽ നിയന്ത്രണങ്ങൾ പിന്തുടരുമെന്നും കമല നിരന്തരം വാദിക്കുന്നു.
പ്രത്യുൽപാദന അവകാശങ്ങളോടുള്ള ട്രംപിൻ്റെ അഭിപ്രായങ്ങളെ സംരക്ഷകൻ ഇമേജുമായി ബന്ധിപ്പിക്കാനാണ് കമല ശ്രമിക്കുന്നത്. എന്നാൽ ട്രംപ് പൊതുവെ സ്ത്രീകളെ കുറ്റവാളികളിൽ നിന്നും തീവ്രവാദികളിൽ നിന്നും വിദേശ എതിരാളികളിൽ നിന്നും സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്, കാരണം അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അമേരിക്ക വളരെ മോശം അവസ്ഥയിലാണ്, സ്ത്രീകളെ അക്രമികളിൽ നിന്ന് ആരെങ്കിലുമൊക്കെ സംരക്ഷിക്കേണ്ട സാഹചര്യം നിലനിൽക്കുന്നു. വിസ്കോൺസിനിലെ ഗ്രീൻ ബേയിൽ നടന്ന റാലിയിലാണ് ട്രംപിൻ്റെ മനസ്സിലെ രക്ഷകൻ മറനീക്കി പുറത്തു വന്നത്. ഇതിനു മുമ്പ് ട്രൂത്തിലെ പല പോസ്റ്റുകളിലും താൻ സ്ത്രീകളുടെ സംരക്ഷകനായിരിക്കും എന്ന നിലയിൽ പോസ്റ്റുകളിട്ടിട്ടുണ്ട്.
kamala Attacks Trump on the issue of Womans rights