
അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമല ഹാരിസ്, ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ നോമിനി ആയതിന് ശേഷമുള്ള ആദ്യ ടെലിവിഷൻ അഭിമുഖത്തിൽ അമേരിക്കൻ രാഷ്ട്രീയത്തിലെ തൻ്റെ നിലപാടു മാറ്റങ്ങളെ കുറിച്ച് വ്യക്തമായി സംസാരിക്കുന്നു. സിഎൻഎൻ നെറ്റുവർക്കിലെ മാധ്യമപ്രവർത്തക ഡാനാ ബാഷാണ് കമലയേയും വൈസ് പ്രസിഡൻ്റ് സ്ഥാനാർഥി ടിം വാൾസിനേയും ഒരുമിച്ചിരുത്തി അഭിമുഖം നടത്തിയത്. കുടിയേറ്റം, അതിർത്തി, കാലവസ്ഥാ മാറ്റം, ഇക്കണോമി, അന്താരാഷ്ട്ര ബന്ധങ്ങൾ തുടങ്ങി എല്ലാ വിഷയങ്ങളിലുമുള്ള നിലപാട് കമലയും വാൾസും ഈ അഭിമുഖത്തിൽ വ്യക്തമാക്കിട്ടുണ്ട്. അഭിമുഖത്തിന്റെ പൂർണ രൂപം അമേരിക്കൻ സമയം വ്യാഴാഴ്ച രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യും. ജോർജിയയിലെ സാവന്നയിൽ വച്ചായിരുന്നു അഭിമുഖം.
അതിർത്തി വഴിയുള്ള അനധികൃത കുടിയേറ്റ വിഷയത്തിൽ എന്തുകൊണ്ടാണ് നിലപാടുകൾ മാറിയതെന്ന് വിശദീകരിക്കാൻ ഡാനാ കമലയോട് ആവശ്യപ്പെട്ടു.
“നിങ്ങൾ വരുത്തിയ ചില മാറ്റങ്ങളെ വോട്ടർമാർ എങ്ങനെ കാണണം?” ഡാനാ ബാഷ് ഹാരിസിനോട് ചോദിച്ചു. “നിങ്ങൾക്ക് ഇപ്പോൾ കൂടുതൽ അനുഭവപരിചയം ഉള്ളതിനാലും വിവരങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയതിനാലും ആണോ നിലപാടുകൾ മാറിയത് ? അതോ നിങ്ങൾ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതുകൊണ്ടാണോ?
നിലപാട് മാറിയിട്ടും അവളുടെ മൂല്യങ്ങൾ മാറിയിട്ടില്ലെന്ന് ഹാരിസ് പറഞ്ഞു.
“എൻ്റെ വീക്ഷണങ്ങളേയും തീരുമാനങ്ങളേയും സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം എൻ്റെ മൂല്യങ്ങൾ മാറിയിട്ടില്ല എന്നതാണ്,” കമല പറഞ്ഞു.
അതിർത്തി കടന്നുള്ള ആയുധ – മനുഷ്യ കടത്ത് സംഘങ്ങളെ പ്രോസിക്യൂട്ട് ചെയ്ത, കാലിഫോർണിയ അറ്റോർണി ജനറൽ എന്ന നിലയിലുള്ള തൻ്റെചരിത്രം അവർ ചൂണ്ടിക്കാണിച്ചു. ”നാല് വർഷം വൈസ് പ്രസിഡൻ്റായി, രാജ്യത്തുടനീളം വിപുലമായി ഞാൻ സഞ്ചരിച്ചു. വൈസ് പ്രസിഡൻ്റായതിനുശേഷം ജോർജിയയിലേക്കു തന്നെ 17 തവണ വന്നു. എല്ലാ വിഷയങ്ങളിലും സമവായം കെട്ടിപ്പടുക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു, പ്രശ്‌നങ്ങൾ യഥാർത്ഥത്തിൽ പരിഹരിക്കാൻ കഴിയുന്ന ഒരു പൊതു ഇടം കണ്ടെത്തേണ്ടത് പ്രധാനമാണ്.” – കമല പറഞ്ഞു.