
വാഷിംഗ്ടണ്‍: ഇക്കഴിഞ്ഞ ദിവസമാണ് ജെ.ഡി വാന്‍സിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുത്തത്. മുന്‍ കാലങ്ങളില്‍ ട്രംപിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള വാന്‍സ് ഇപ്പോള്‍ ട്രംപ് വിശ്വസ്തനാണ്.

അതേസമയം വാന്‍സിനെ വിമര്‍ശിച്ച് രംഗത്തെത്തിയ യുസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ യുഎസ് കോണ്‍ഗ്രസ് വുമണ്‍ തുൾസി ഗബ്ബാര്‍ഡ്.
ജെഡി വാന്‍സ് ട്രംപിനോട് മാത്രമേ വിശ്വസ്തനാകൂവെന്നും, യുഎസിനോട് വിശ്വസ്തത കാണിക്കൂ എന്നുമാണ് കമല വിമര്‍ശിച്ചത്. എന്നാല്‍ ഈ പരാമര്‍ശം ഏറ്റുപിടിച്ച തുൾസി ഗബ്ബാര്‍ഡ്, കമല ഹാരിസിനെ നയിക്കുന്നത് സ്വന്തം രാഷ്ട്രീയ മോഹമാണെന്ന് തിരിച്ചടിച്ചു. ‘സ്വയം സേവിക്കുന്ന രാഷ്ട്രീയക്കാരി’ എന്നും അവര്‍ കമലയെ വിശേഷിപ്പിച്ചു.
9/11 ആക്രമണത്തിന് ശേഷം ജെഡി വാന്‍സ് മറൈന്‍ കോര്‍പ്സില്‍ സ്വയം അംഗത്വമെടുക്കുകയും 2005-ല്‍ ഇറാഖിലേക്ക് വിന്യസിക്കപ്പെടുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയ തുൾസി, കഴിഞ്ഞ കാലങ്ങളില്‍ എപ്പോഴെങ്കിലും നമ്മുടെ രാജ്യത്തിന് വേണ്ടിയുള്ള സേവനത്തിനായി സ്വന്തം ജീവന്‍ പണയപ്പെടുത്താന്‍ കമല ഹാരിസ് തയ്യാറായിരുന്നോ എന്നും ചോദിച്ചു.
അമേരിക്കന്‍ വംശജയായ ഹിന്ദു മത വിശ്വാസിയായ തുൾസി, യു.എസ് ജനപ്രതിനിധി സഭയില്‍ മതഗ്രന്ഥമെന്ന നിലയില്‍ ഭഗവദ്ഗീതയുപയോഗിച്ച് ആദ്യമായി സത്യപ്രതിജ്ഞ നടത്തിയ വ്യക്തിയാണ്. ഹോണലോ സിറ്റി കൗണ്‍സില്‍ പ്രതിനിധിയായിരുന്ന ഇവര്‍ ഇരുപത്തിയൊന്നാം വയസ്സിലാണ് സ്റ്റേറ്റ് കൗണ്‍സില്‍ അംഗമാകുന്നത്. സ്റ്റേറ്റ് കൗണ്‍സില്‍ അംഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു തുൾസി.











