ബൈഡന്റെ പിന്മാറ്റം കമലയ്ക്ക് നേട്ടം; മണിക്കൂറുകള്‍കൊണ്ട് കമലാ ഹാരിസിന് ലഭിച്ചത് 46 മില്യണ്‍ ഡോളര്‍ സംഭാവന

വാഷിംഗ്ടണ്‍: നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയ ജോ ബൈഡന്‍, കമലാ ഹാരിസിനെ പിന്തുണച്ചതിന് പിന്നാലെ ലഭിച്ചത് 46 മില്യണ്‍ ഡോളര്‍ സംഭാവനയെന്ന് റിപ്പോര്‍ട്ട്. 2024 ലെ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റദിവസത്തെ നേട്ടമാണ് തങ്ങള്‍ കണ്ടതെന്ന് ഡെമോക്രാറ്റിക് ഫണ്ട് റൈസിംഗ് ഗ്രൂപ്പായ ActBlue വ്യക്തമാക്കി.

ബൈഡന്റെ പിന്‍വാങ്ങല്‍ ഒരു ഘട്ടത്തില്‍ പരക്കെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായി വളരെ പെട്ടെന്നാണ് ബൈഡന് തീരുമാനം അറിയിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പുവരെ ട്രംപിനെ പരാജയപ്പെടുത്താന്‍ തനിക്കാകുമെന്ന് ആവര്‍ത്തിച്ച ബൈഡന്റെ ചുവടുമാറ്റം അമേരിക്കന്‍ രാഷ്ട്രീയത്തെ ഞെട്ടിച്ചിരുന്നു.

കോവിഡ് ബാധിതനായി തന്റെ ഡെലവെയര്‍ ബീച്ച് ഹൗസില്‍ ഐസൊലേഷനില്‍ കഴിയവെയായിരുന്നു യാതൊരു മുന്നറിയിപ്പും ഇല്ലാതെ ബൈഡന്റെ പിന്മാറ്റ പ്രഖ്യാപനം വന്നത്.

പിന്മാറ്റം സംബന്ധിച്ച് എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍, പ്രസിഡന്റായത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്ന് ബൈഡന്‍ പറഞ്ഞു. ഈ ആഴ്ച അവസാനം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെയായിരുന്നു തന്റെ തീരുമാനമെന്നും പക്ഷേ, പാര്‍ട്ടിയുടെ അടക്കം തീരുമാനത്തിന് വഴങ്ങി പിന്മാറുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. മാത്രമല്ല, പ്രസിഡന്റ് എന്ന നിലയില്‍ തന്റെ ശേഷിക്കുന്ന കാലാവധിയില്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.