
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നടപ്പിലാക്കുമെന്ന് ഗതാഗതവകുപ്പ്. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകളളുമായി മുന്നോട്ടുപോകാനും ഡ്രൈവിംഗ് ടെസ്റ്റ് നടപ്പിലാക്കാനും ഇന്ന് ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഗതാഗതമന്ത്രി ഗണേഷ് കുമാറും മോട്ടോർ വാഹന വകുപ്പും പരിഷ്കാരവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി നാളെ മുതൽ എത്തണമെന്ന് എം വി ഡി നിർദ്ദേശം നൽകിക്കഴിഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ സ്ഥലങ്ങൾ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്. പ്രതിഷേധം ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പൊലീസ് സംരക്ഷണം ഉറപ്പാക്കിയാകും പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നടപ്പിലാക്കുക.
അതിനിടെ തത്കാലത്തേക്ക് പുതിയ ഇളവുകൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുചക്ര വാഹന ലൈസൻസിനാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കൈ കൊണ്ട് ഗിയർ മാറ്റുന വാഹനങ്ങൾ തുടർന്നും 3 മാസത്തേക്ക് കൂടി ടെസ്റ്റിന് ഉപയോഗിക്കാം. കാലുകൊണ്ട് ഗിയർ മാറ്റുന്ന വാഹനങ്ങൾ ഉപയോഗിക്കണമെന്ന പരിഷ്ക്കരണത്തിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
പരിഷ്കരിച്ച സർക്കുലർ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥർക്ക് സർക്കാർ തലത്തിൽ നിന്ന് നൽകിയിരിക്കുന്ന നിർദ്ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയ്യാറാകുന്നത് വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.ഡ്രൈവിംഗ് ടെസ്റ്റ് കുറ്റമറ്റ നിലയിൽ നടത്തുന്നതിനായാണ് സർക്കാർ പരിഷ്‌കാരം നടപ്പാക്കുന്നതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. അത് തടസപ്പെടുത്താനുള്ള ശ്രമത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണം. ഹൈക്കോടതി ഉത്തരവിനെ മാനിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
kb ganesh kumar new rules in kerala driving license test starts tomorrow