കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഓണാഘോഷം സെപ്റ്റംബർ 7ന് , സംവിധായകൻ ബ്ലെസിയും ഇന്ത്യൻ കോൺസൽ  ജനറൽ ബിനയ ശ്രീകാന്ത പ്രധാനും മുഖ്യാതിഥികൾ

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്:  നോർത്ത് അമേരിക്കയിലെ ഏറ്റവും പുരാതന മലയാളി കൂട്ടായ്മയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻ്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 7  ശനിയാഴ്ച രാവിലെ 11 മണി മുതൽ നടത്തും.  52 വർഷമായി ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി സംഘടനയാണ് കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്. എൽമോണ്ടിലുള്ള സെൻറ് വിൻസെൻറ്  ഡീപോൾ സിറോ മലങ്കര കാത്തലിക്ക് പള്ളിയുടെ പുതിയ ഓഡിറ്റോറിയത്തിൽ (St. Vincent DePaul Syro Malankara Catholic Cathedral, 1500 St. Vincent Street, Elmont, NY11003) വച്ചാണ് ഓണാഘോഷം.

 കേരളാ സമാജത്തിൻറെ ഇത്തവണത്തെ ഓണാഘോഷത്തിന് മുഖ്യ അതിഥികളായി പ്രശസ്ത സിനിമാ സംവിധായകൻ ബ്ലെസ്സി ,ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ എന്നിവരും വിശിഷ്ടാതിഥിയായി പത്തനംതിട്ട ജില്ലാ കേരളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റും  യു.ഡി.എഫ്. ജില്ലാ ചെയർമാനുമായ അഡ്വ. വർഗ്ഗീസ് മാമ്മൻ എന്നിവരും പങ്കെടുക്കും.

“എപ്പോഴും പുതുമയാർന്ന പ്രവർത്തനങ്ങൾ കാഴ്ച്ച വച്ചുകൊണ്ടിരിക്കുന്ന കേരളാ സമാജം ഈ വർഷത്തെ ഓണാഘോഷവും ഓണ സദ്യയും വളരെ സമുചിതമായി തന്നെ നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്‌ത്‌ വരുന്നത്. കലാ-സാംസ്കാരിക-രാഷ്ട്രീയ-സിനിമാ മേഖലയിലെ വളരെ വിശിഷ്ട വ്യക്തികൾ ഈ വർഷത്തെ ഓണാഘോഷത്തിന് പങ്കെടുക്കുന്നുണ്ട്. ചെണ്ടമേളവും മാവേലിയും വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണ സദ്യയും കൊണ്ട് ഓണാഘോഷം കൊഴുപ്പിക്കുവാനാണ് പദ്ധതിയിടുന്നത്. എല്ലാവരെയും  ശനിയാഴ്ചത്തെ ഓണാഘോഷത്തിലേക്കും ഓണ സദ്യയിലേക്കും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു.”  പ്രസിഡൻറ്  സിബി ഡേവിഡ് പറഞ്ഞു.

“പ്രശസ്ത ഗായകനായ ശബരീനാഥിന്റെ നേതൃത്വത്തിലുള്ള  ഗാനമേളയും, വിവിധ കലാകാരിമാരുടെ ഡാൻസുകളും മനോഹരമായ കേരളാ സാരികൾ ലഭിക്കുന്ന സാരീ സ്റ്റാളുകളും ഫോട്ടോ ബൂത്തും വിഭവ സമൃദ്ധവും രുചികരവുമായ ഓണ സദ്യയും മറ്റ് കലാപരിപാടികളുമായി ഈ വർഷത്തെ ഓണാഘോഷം അതിവിപുലമായി നടത്തുവാനാണ് ആഗ്രഹിക്കുന്നത്. ഏവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നു. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്”  സെക്രട്ടറി സജി എബ്രഹാമും ട്രഷറർ വിനോദും സംയുക്തമായി ഏവരെയും ഓണാഘോഷത്തിലേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു.

പ്രസിഡൻറ് സിബി ഡേവിഡ്, വൈസ് പ്രസിഡൻറ് മേരി ഫിലിപ്പ്,  സെക്രട്ടറി സജി എബ്രഹാം, ട്രഷറർ വിനോദ് കെയാർക്കെ, ജോയിൻറ് സെക്രട്ടറി ജോസി സക്കറിയ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗംങ്ങളായ ഷാജു സാം, ലീലാ മാരേട്ട്, തോമസ് സാമുവേൽ (കുഞ്ഞു മാലിയിൽ), ബെന്നി ഇട്ടിയേറ, മാത്യുക്കുട്ടി ഈശോ, മാമ്മൻ എബ്രഹാം, ശ്രീനിവാസൻ പിള്ള എന്നിവരും, ട്രസ്റ്റീ ബോർഡ് ചെയർമാൻ സണ്ണി പണിക്കർ, ബോർഡ് അംഗങ്ങളായ വിൻസെൻറ് സിറിയക്ക്, വർഗ്ഗീസ് ജോസഫ്, പോൾ.പി.ജോസ്, ഫിലിപ്പ് കെ. ജോസഫ്, ഓഡിറ്റർമാരായ ഹേമചന്ദ്രൻ, ഷാജി വർഗ്ഗീസ്  എന്നിവരും ഓണാഘോഷവും ഓണ സദ്യയും ഏറ്റവും മനോഹരമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തു വരുന്നത്.

 1972ലാണ് “കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്” എന്ന സംഘടന ഔദ്യോഗികമായി രൂപം കൊണ്ടത്. സ്ഥാപക പ്രസിഡന്റായ പ്രഫ. ജോസഫ് ചെറുവേലിൽ ഇന്നും സംഘടനയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട് . 2022-ൽ സംഘടനയുടെ ഗോൾഡൻ ജൂബിലി കൊണ്ടാടിയപ്പോൾ  സ്ഥാപക പ്രസിഡൻറ് ഉൾപ്പടെ നിലവിൽ ന്യൂയോർക്കിൽ താമസിക്കുന്ന എല്ലാ പ്രസിഡൻറ്മാരെയും സമുചിതമായി ആദരിച്ചിരുന്നു.

പ്രസിഡൻറ് തോമസ് ഡേവിഡിന്റെ (സിബി ഡേവിഡ്) നേതൃത്വത്തിൽ 12 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയും സണ്ണി പണിക്കർ ചെയർമാനായി പ്രവർത്തിക്കുന്ന മുൻ പ്രസിഡന്റുമാരായ അഞ്ചു പേരടങ്ങുന്ന ബോർഡ് ഓഫ് ട്രസ്റ്റീസുമാണ് സമാജത്തിൻറെ പ്രവർത്തനങ്ങൾ  നിയന്ത്രിക്കുന്നത്.   കഴിഞ്ഞ മാസം 27-ന് ഈസ്റ്റ് മെഡോയിലുള്ള ഐസനോവർ പാർക്കിൽ  നടത്തിയ വാർഷിക ഫാമിലി പിക്‌നിക് ജന പങ്കാളിത്തം കൊണ്ടുംവിവിധ കലാ-കായിക  പരിപാടികൾ കൊണ്ടും വളരെ  ജനശ്രദ്ധ നേടിയിരുന്നു. നൂറുകണക്കിന് അംഗങ്ങളും സുഹൃത്തുക്കളുമാണ് അന്നേ ദിവസം പിക്‌നിക്കിൽ പങ്കെടുത്തത്.

Kerala Samajam Of Greater Newyork Onam Celebration

More Stories from this section

family-dental
witywide