
അബുജ: വടക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ നിന്നും കൊള്ളസംഘം തട്ടിക്കൊണ്ടുപോയ 250 ലധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വിട്ടയച്ചു. യാതൊരു പരിക്കുമില്ലാതെ സുരക്ഷിതമായാണ് ഇവര്‍ തിരിച്ചെത്തിയത്. ഈ മാസം ആദ്യമാണ് കുട്ടികളെ സംഘം തട്ടിക്കൊണ്ടുപോയത്. തോക്കുധാരികളായെത്തിയ പ്രാദേശിക ക്രിമിനല്‍ സംഘമായിരുന്നു ഇതിനു പിന്നില്‍. വിദ്യാര്‍ത്ഥികളെ വിട്ടയച്ച വിവരം പ്രാദേശിക ഗവര്‍ണര്‍ ഉബ സാനിയാണ് ഞായറാഴ്ച അറിയിച്ചത്.
മാര്‍ച്ച് 7 ന് കടുന സംസ്ഥാനത്തെ കുരിഗയില്‍ നടന്ന തട്ടിക്കൊണ്ടുപോകല്‍ അടുത്തിടെ നടന്നതില്‍വെച്ചും ഏറ്റവും വലിയ തട്ടിക്കൊണ്ടുപോകലായിരുന്നു. ഇത് വലിയതരത്തിലുള്ള ദേശീയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇത് തീര്‍ച്ചയായും സന്തോഷത്തിന്റെ ദിവസമാണെന്നും, സൈന്യത്തിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിനും സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിതമായ തിരിച്ചുവരവിനായി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച എല്ലാ നൈജീരിയക്കാര്‍ക്കും നന്ദി പറയുന്നതായും ഗവര്‍ണര്‍ വ്യക്തമാക്കി.