റൂം മേറ്റ് വളര്‍ത്തിയ ചിലന്തിയെ സോഡയില്‍ മുക്കിക്കൊന്നു; യു.എസില്‍ 43കാരി അറസ്റ്റില്‍

വാഷിംഗ്ടണ്‍: ചിലന്തിയെ സോഡയില്‍ മുക്കിക്കൊന്ന കുറ്റത്തിന് യു.എസില്‍ ഒരു സ്ത്രീ അറസ്റ്റിലായി. തന്റെ റൂംമേറ്റ് ഓമനിച്ച് വളര്‍ത്തിയ ചിലന്തിയെയാണ് 43 കാരിയായ ഇലീന റെനെ റാസ്മുസെന്‍ സോഡയില്‍ മുക്കി കൊന്നത്. ഇതിനെക്കുറിച്ച് ഓണ്‍ലൈനില്‍ വീരവാദം മുഴക്കുകയും കൊല്ലാന്‍ ഉപയോഗിച്ചെന്ന് ആരോപിക്കുന്ന സോഡാ ക്യാന്‍ കാട്ടി സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവയ്ക്കുകയും ചെയ്തു.

സംഭവം വിവരിച്ച് റൂം മേറ്റിന് ഇവര്‍ സന്ദേശം അയയ്ക്കുകയും ചെയ്തു. ഏകദേശം 70 ഡോളര്‍ വിലവരുന്ന വളര്‍ത്തു ചിലന്തിയേയാണ് ഇലീന റെനെ ഇല്ലാതാക്കിയത്. ജൂലായ് 29 ന് ഇവര്‍ക്കെതിരെ മൃഗപീഡനത്തിനും മോഷണത്തിനും കുറ്റം ചുമത്തി.

ഒരു ഇഞ്ചിന്റെ എട്ടിലൊന്ന് മുതല്‍ നാലിലൊന്ന് ഇഞ്ച് വരെ വലിപ്പമുള്ളവയാണ് ഇത്തരത്തിലുള്ള വളര്‍ത്തു ചിലന്തിയെന്ന് യുഎസ് ഫോറസ്റ്റ് സര്‍വീസ് പറയുന്നു. തിളങ്ങുന്ന രോമങ്ങളും പ്രത്യേകതയുള്ള ശരീരവും എട്ട് കണ്ണുകളും ഇവയ്ക്കുണ്ട്.