ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന് ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തി. ബക്കിംഗ്ഹാം കൊട്ടാരമാണ് ഇത് സ്ഥിതീകരിച്ച് ഇന്നലെ പ്രസ്താവന ഇറക്കിയത്. പൊതുജനങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്നതും അഭിമുഖീകരിക്കേണ്ടിവരുന്ന കാര്യങ്ങളും മാറ്റിവയ്ക്കുമെന്നും കൊട്ടാരം അറിയിച്ചു. അതേസമയം, രാജാവ് പതിവുപോലെ സ്റ്റേറ്റ് ബിസിനസ്സ്, ഔദ്യോഗിക രേഖകള്‍ ഏറ്റെടുക്കുന്നത് തുടരും.
രോഗവുമായി ബന്ധപ്പെട്ട് 75 കാരനായ ചാള്‍സ് രാജാവ് കഴിഞ്ഞ മാസം മൂന്ന് ദിവസം ആശുപത്രിയില്‍ ചെലവഴിച്ചിരുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു അദ്ദേഹം. ശാരീരിക അസ്വസ്ഥതയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്യാന്‍സര്‍ കണ്ടെത്തിയത്.
ചാള്‍സ് രാജാവ് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു, ‘അദ്ദേഹം പൂര്‍ണ്ണവും വേഗത്തിലും സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ഉടന്‍ തന്നെ പൂര്‍ണ്ണ ശക്തിയിലേക്ക് മടങ്ങിവരുമെന്ന് എനിക്ക് സംശയമില്ലെന്നും രാജ്യം മുഴുവന്‍ അതാഗ്രഹിക്കുന്നുവെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഒരു പോസ്റ്റില്‍ സുനക് കുറിച്ചു.