
മാർട്ടിൻ വിലങ്ങോലിൽ
ഡാലസ്: ഡാലസ് കേരളാ ലിറ്റററി സൊസൈറ്റി അവതരിപ്പിച്ച അക്ഷരശ്ലോകസദസ്സിൽ
അമേരിക്കയിലും കേരളത്തിൽ നിന്നുമുള്ള നൂറിൽപ്പരം അക്ഷരശ്ലോക ആസ്വാദകരും ഭാഷാസ്നേഹികളും പങ്കെടുത്തു. ആഗസ്റ്റ് 31 നു ആയിരുന്നു കെ എൽ എസ്സിന്റെ മൂന്നാമത്തെ അക്ഷരശ്ലോക പരിപാടി. സൂം ഓൺലൈനിലൂടെ പങ്കെടുക്കാനും അവസരം ഒരുക്കി.
അക്ഷരശ്ലോകനിയമങ്ങൾ പൂർണ്ണമായി പാലിച്ചു നടത്തപ്പെട്ട പരിപാടിയിൽ പ്രശസ്തഅക്ഷരശ്ലോകവിദഗ്ധനായ ഉമേഷ് നരേന്ദ്രൻ (യു എസ് എ) പ്രധാന അവതാരകനായി പങ്കെടുത്തു. ഒപ്പം അക്ഷരശ്ളോകരംഗത്ത് അറിയപ്പെടുന്ന കെ ശങ്കരനാരായണൻ നമ്പൂതിരിയും ഡാലസ്സിൽ എത്തി പങ്കുചേർന്നു.

അക്ഷരശ്ളോകരംഗത്ത് ദീർഘകാല പരിചയവും പ്രാഗൽഭ്യവും നേടിയ കോങൂർപ്പള്ളി ശങ്കരനാരായണൻ നമ്പൂതിരിയ്ക്കു പൊന്നാടയും പ്രശംസാഫലകവും നൽകി കെ എൽ എസ് ആദരിച്ചു. പ്രസിഡൻറ്റ് ഷാജു ജോൺ കൈമാറിയ പ്രസ്തുതപ്രശംസാഫലകത്തിൽ ഹരിദാസ് മംഗലപ്പള്ളി എഴുതിയ ശ്ലോകം ഇപ്രകാരം ചേർത്തിരുന്നു.

“അതിശയമികവോടേയക്ഷരശ്ളോകദീപ-
ദ്യുതി, തിരിതെളിയിച്ചും സ്നേഹമേറെപ്പകർന്നും
മതിസമമുലകെങ്ങും തൂകി മോദിച്ചു വാഴും
ക്ഷിതിസുര! ഇവിടം ത്വത് പ്രാഭവത്താൽ സുധന്യം!”
ഒപ്പം അവതാരകനായി സ്തുത്യർഹസേവനമനുഷ്ഠിച്ച ഉമേഷ് നരേന്ദ്രനും കെ എൽ എസിന്റെ ആദരവ് ഏറ്റുവാങ്ങി. കെ എൽ എസിന്റെ ഇതുവരെയുള്ള ഏല്ലാ അക്ഷരശ്ലോകപരിപാടികളും ഉമേഷിന്റെ നേതൃത്വത്തിലാണു നടന്നിട്ടുള്ളത്. ഉമേഷ് നരേന്ദ്രന്റ ലളിത അവതരണം ആസ്വാദ്യകരമാക്കിയ ഈ മലയാള ശ്ലോകസദസ്സിൽ അമേരിക്കയിൽ നിന്നു തന്നെയുള്ള അക്ഷരശ്ലോക വിദഗ്ധരായ ഹരിദാസ് മംഗലപ്പിള്ളി, രാജേഷ് വർമ്മ, ബിന്ദു വർമ്മ, സീമ രാജീവ് ( കാനഡ) എന്നിവരും സൂമിൽ പങ്കുചേർന്നു.
കേരളത്തിൽ നിന്ന് മറ്റനേകർക്കൊപ്പം കെ.വേലപ്പന്‍പിള്ളയും (വിദ്യാധിരാജാ അക്ഷരശ്ലോക സമിതി, കണ്ണമ്മൂല, തിരുവനന്തപുരം.) അക്ഷരശ്ലോകകലാ പരിശീലകനായ ശ്രീ.എ.യു.സുധീര്‍കുമാറും (എറണാകുളം) അദ്ദേഹത്തിന്റെ ശിഷ്യകളായ ആരാധ്യ എസ് വാര്യരും ഗായത്രിയും പരിപാടിയിൽ പങ്കെടുത്തു. സ്ഫുടവും ചടുലവുമായി ശ്ലോകം ചൊല്ലി ചെറിയകുട്ടികളായ ആരാധ്യയും ഗായത്രിയും വേറിട്ട പ്രകടനത്താൽ ശ്രദ്ധേയരായി. കുട്ടികൾക്കു പാരിതോഷികമായി ശ്രീ അരിയന്നൂർ ഉണ്ണിക്കൃഷ്ണന്റെ “സാരസ്വതം ” എന്ന ശ്ലോകസമാഹാരഗ്രന്ഥങ്ങൾ കെ ഏൽ എസ് സമ്മാനിച്ചു.
ശ്രോതാക്കൾക്കും ശ്ലോകങ്ങൾ ചൊല്ലുവാൻ അവസരമുണ്ടായിരുന്നു. മനോഹർ തോമസ്, ഹരിദാസ് തങ്കപ്പൻ എന്നിവരും കെ എൽ എസ് ലാന പ്രതിനിധികളായി ശ്ലോകങ്ങൾ ചൊല്ലി. ഖജാൻജി ശ്രീ. സി. വി. ജോർജ്ജ് കൃതജ്‌ഞതപ്രസംഗം മുഴുവനും ശ്ലോകഭാഷയിൽ ചൊല്ലിയതു അതീവശ്രദ്ധേയമായി.