കൊല്‍ക്കത്ത ഡോക്ടറുടെ കൊലപാതകം : അമേരിക്കയുള്‍പ്പെടെ 25 രാജ്യങ്ങളിലേക്ക് ആളിപ്പടര്‍ന്ന് പ്രതിഷേധം

വാഷിംഗ്ടണ്‍: കഴിഞ്ഞ മാസം കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ യുവ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധം ലോകരാജ്യങ്ങളിലേക്കും ആളിപ്പടര്‍ന്നു. അമേരിക്കയുള്‍പ്പെടെ 25 രാജ്യങ്ങളിലായി 130 ലധികം നഗരങ്ങളില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ ഞായറാഴ്ച പ്രതിഷേധിച്ചു.

ഇന്ത്യയിലെ പ്രതിഷേധങ്ങള്‍ക്ക് ഐക്യം പ്രഖ്യാപിച്ചും ഇരയ്ക്ക് നീതി തേടിയും ജപ്പാന്‍, ഓസ്ട്രേലിയ, തായ്വാന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ വലുതും ചെറുതുമായ സംഘങ്ങള്‍ ആരംഭിച്ച പ്രതിഷേധം നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലെ നഗരങ്ങളിലേക്ക് വ്യാപിച്ചു.

സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമില്‍ നടന്ന ഒരു പ്രതിഷേധത്തില്‍, കറുത്ത വസ്ത്രം ധരിച്ചെത്തിയ നിരവധി സ്ത്രീകള്‍ സെര്‍ഗല്‍സ് ടോര്‍ഗ് സ്‌ക്വയറില്‍ ഒത്തുകൂടി ബംഗാളിയില്‍ ഗാനങ്ങള്‍ ആലപിക്കുകയും ഇന്ത്യന്‍ സ്ത്രീകളുടെ സുരക്ഷിതത്വം ആവശ്യപ്പെടുകയും ചെയ്തു. ‘ഡ്യൂട്ടിയിലിരിക്കെ ഒരു യുവ ട്രെയിനി ഡോക്ടറോട് ചെയ്ത ഈ ഹീനമായ കുറ്റകൃത്യത്തിന്റെ വാര്‍ത്ത മനുഷ്യജീവിതത്തോടുള്ള ക്രൂരത, അവഗണന എന്നിവയില്‍ ഞങ്ങളെ ഓരോരുത്തരെയും തളര്‍ത്തുകയും ഞെട്ടിക്കുകയും ചെയ്തുവെന്ന് ആഗോള പ്രതിഷേധങ്ങളുടെ സംഘാടകയായ ദീപ്തി ജെയിന്‍ പറഞ്ഞു. ബ്രിട്ടീഷ് പൗരയും കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ജെയിന്‍ കഴിഞ്ഞ മാസം യുകെയില്‍ വനിതാ ഡോക്ടര്‍മാരുടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ 31 കാരി ആഗസ്റ്റ് 9 നാണ് ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. സംഭവത്തെത്തുടര്‍ന്ന് പ്രതിയെ അറസ്റ്റുചെയ്തിട്ടുണ്ട്. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പലും അറസ്റ്റിലായി.