കോതമംഗലം പ്രതിഷേധം: കുഴൽനാടനും ഷിയാസുമടക്കമുള്ളവർ അറസ്റ്റിൽ, സ്ഥലത്ത് സംഘ‍ർഷാവസ്ഥ

കോതമംഗലം: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ചതിന് മാത്യു കുഴൽനാടൻ എം എൽ എയടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. കുഴൽനാടനും എറണാകുളം ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസുമടക്കം 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബലം പ്രയോഗിച്ചാണ് പൊലീസ് കുഴൽനാടൻ അടക്കമുള്ളവരെ സമരപന്തലിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ പൊലീസ് ബസും ജീപ്പും കോൺഗ്രസ് പ്രവർത്തകർ തകർത്തു.

ആശുപത്രിയിൽ ആക്രമണം നടത്തൽ, മൃതദേഹത്തോട് അനാദരവ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കുഴൽനാടനും ഷിയാസുമടക്കമുള്ളവർക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളാണ് 14 പേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്.

നേര്യമം​ഗലം കാഞ്ഞിരവേലി സ്വദേശിയായ ഇന്ദിര ( 70) കഴിഞ്ഞ ദിവസം രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ കോതമം​ഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇൻക്വസ്റ്റ് നടപടിക്കായി പൊലീസ് എത്തിയപ്പോൾ തടഞ്ഞ കോൺഗ്രസ് നേതാക്കൾ മൃതദേഹവുമായി റോഡിലേക്ക് പോവുകയായിരുന്നു. തുടർന്ന് വലിയ പ്രതിഷേധമാണ് നടന്നത്. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തതും കുഴൽനാടൻ എം എൽ എ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതും.

Kothamangalam protest mathew kuzhalnadan and mohammad shiyas arrested