ഇനി കെ.എസ്.ആര്‍.ടി.സി ഡ്രൈവിംഗ് പഠിപ്പിക്കും ! റിപ്പോര്‍ട്ട് തേടി മന്ത്രി

തിരുവനന്തപുരം: ഡ്രൈവിംഗ് പഠനം കേരളത്തില്‍ ചിലവേറിവരികയാണ്. പലരും ഭീമമായ തുക മുടക്കി പഠിക്കാന്‍ മടിച്ച് ഡ്രൈവിംഗില്‍ നിന്നും പിന്മാറുന്ന അവസ്ഥപോലുമുണ്ട്. സ്വന്തമായി വാഹനമില്ലാത്തവര്‍ക്കാണെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി ബുദ്ധിമുട്ടാകും. എന്നാല്‍, കുറഞ്ഞ ചെലവില്‍ മികച്ച ഡ്രൈവിംഗ് പരിശീലനം നല്‍കാനുള്ള പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി തന്നെ ഇതാ രംഗത്തെത്തിയിരിക്കുകയാണ്.

കെ.എസ്.ആര്‍.ടി.സിയുടെ ചുമതലയില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുന്നതിനുള്ള വിശദമായ സാങ്കേതിക പരിശോധന നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി ഒരുക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ കെ.എസ്.ആര്‍.ടി.സിയിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരെ ഉപയോഗിച്ച് അധിക പരിശീലനം ഉള്‍പ്പെടെ നല്‍കും.

മാത്രമല്ല, അതതിടങ്ങളില്‍ത്തന്നെ ഡ്രൈവിങ് ടെസ്റ്റ് സംവിധാനമൊരുക്കി ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. കൂടുതല്‍സമയം കൃത്യതയോടെയുള്ള പരിശീലനം നല്‍കി ദേശീയ, അന്തര്‍ദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് യോഗ്യത സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്.

KSRTC to start driving school