
ഡല്‍ഹി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിന് സുപ്രീംകോടതി സ്ഥിരം ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എസ് വി എന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് തീരുമാനം. ഇടക്കാല ജാമ്യത്തിലായിരുന്ന ശിവശങ്കറിന് ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്താണ് സ്ഥിരം ജാമ്യം അനുവദിച്ചത്.
ഓാഗസ്റ്റ് രണ്ടിനാണ് സുപ്രിംകോടതി ഇടക്കാല ജാമ്യം നല്‍കിയത്. ഇതിന് ശേഷം രണ്ട് തവണ സുപ്രിംകോടതി എം ശിവശങ്കറിന് ഇടക്കാല ജാമ്യം നീട്ടി നല്‍കി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയാണെന്നും അടിയന്തരമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കര്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടാണ് ലൈഫ് മിഷന്‍ കേസ് എന്നും ശിവശങ്കര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.
അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും ഹര്‍ജിയില്‍ പറയുന്നു. യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും സരിത്തുമടക്കമുള്ള യു എ ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരാണ്. യൂണിടാക്കിനെ തെരഞ്ഞെടുത്തത് യു എ ഇ കോണ്‍സുലേറ്റാണ്. തനിക്കും സംസ്ഥാന സര്‍ക്കാരിനും ഇതില്‍ പങ്കില്ല എന്നും ശിവശങ്കര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അതേസമയം ചികിത്സാ കാരണങ്ങളാല്‍ ജാമ്യം അനന്തമായി നീട്ടരുതെന്നായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം.









