സംഘര്‍ഷ സാധ്യത : വടകര ടൗണില്‍ കലാശക്കൊട്ടിന് അനുമതിയില്ല

വടകര: രണ്ടാം ഘട്ടമായി ഏപ്രില്‍ 26 വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകുന്ന കേരളം ഇന്ന് പരസ്യ പ്രചാരണങ്ങള്‍ അവസാനിപ്പിച്ച് കലാശക്കൊട്ടിലേക്ക് കടക്കുകയാണ്. എന്നാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വടകര ടൗണില്‍ കലാശക്കൊട്ടിന് അനുമതിയില്ല.

വടകരയിലെ പ്രധാന സ്ഥാനാര്‍ത്ഥികളായ കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലും സിപിഐഎം സ്ഥാനാര്‍ത്ഥി കെ കെ ശൈലജയും തമ്മില്‍ നടക്കുന്ന പോര് ഇനിയും കെട്ടടങ്ങാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇരുവരുടെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ കലാശക്കൊട്ടില്‍ തമ്മിലടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം എത്തിയിരിക്കുന്നത്.

അതേസമയം, കെ കെ ശൈലജക്കെതിരെ ഷാഫി പറമ്പിലില്‍ നിയമ നടപടി സ്വീകരിച്ചു. വ്യാജ വിഡിയോയുടെ പേരില്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നതായും ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഷാഫി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. ശൈലജക്ക് പുറമേ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ ഷാഫി ഡി ജി പിക്ക് പരാതി നല്‍കിയിട്ടുണ്ട്. 24 മണിക്കൂറിനകം ആരോപണം പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും കാട്ടി കെ കെ ശൈലജക്ക് ഷാഫി വക്കീല്‍ നോട്ടീസയച്ചിരുന്നു. ഈ സമയ പരിധി കഴിഞ്ഞതോടെയാണ് ഷാഫി പൊലീസില്‍ പരാതി നല്‍കിയത്.

ഷാഫിക്കെതിരെ തിരിച്ച് ശൈലജയും നിയമ നടപടിയിലേക്ക് കടക്കുകയും വക്കീല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide