
ദില്ലി: ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. തമിഴ്നാട് മൊത്തത്തിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലുമാണ് ഇന്ന് കൊട്ടിക്കലാശം പൂർത്തിയായത്. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളടക്കം രാജ്യത്തെ 102 ലോക്സഭാ മണ്ഡലങ്ങളിലാണ് പരസ്യപ്രചാരണം അവസാനിച്ചത്.
വെള്ളിയാഴ്ചയാണ് ഈ 102 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. 1625 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ 39 സീറ്റുകളിലായി ആകെ 950 സ്ഥാനർഥികളാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും കൊട്ടിക്കലാശത്തിൽ പങ്കുചേർന്നു. പുതുച്ചേരി സീറ്റിലും പരസ്യ പ്രചാരണം അവസാനിച്ചു.
നാളെ നിശബ്ദ പ്രചാരണത്തിന് ശേഷം ഈ മണ്ഡലങ്ങളിലെ ജനങ്ങൾ മറ്റന്നാൾ തങ്ങളുടെ വിധി കുറിക്കും. തമിഴ്നാട്ടിൽ ഡി എം കെ സഖ്യം വലിയ പ്രതീക്ഷയിലാണ് ഇക്കുറി. കോൺഗ്രസിനും ഇടത് പക്ഷത്തിനും മുസ്ലിം ലീഗിനുമൊപ്പമുള്ള മുന്നണിയിലൂടെ 39 സീറ്റിലും വിജയിക്കുമെന്നാണ് ഡി എം കെയുടെ പ്രതീക്ഷ. അതേസമയം വൻ മുന്നേറ്റം ഇക്കുറിയുണ്ടാകുമെന്ന പ്രതീക്ഷയാണ് ബി ജെ പിയും അണ്ണാ ഡി എം കെയും മുന്നോട്ട് വയ്ക്കുന്നത്.
LOk Sabha Elections 2024: 102 Constituencies Across 21 States To Vote On Friday












