മുംബൈ: കേരളത്തിനെതിരെ കടുത്ത വിദ്വേഷ പ്രസംഗവുമായി മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ രംഗത്ത്. കേരളം മിനി പാകിസ്ഥാനാണെന്ന് പറഞ്ഞ നിതേഷ് റാണെ, അതുകൊണ്ടാണ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ നിന്നും പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടതെന്നും അഭിപ്രായപ്പെട്ടു. പ്രിയങ്ക ഗാന്ധിക്ക് വോട്ടു ചെയ്തത് കേരളത്തിലെ ഭീകരർ മാത്രമാണെന്നും മഹാരാഷ്ട്ര മന്ത്രി പ്രസംഗിച്ചു. പൂനെ സാസ്വദിലെ ഒരു റാലിയിലായിരുന്നു റാണെയുടെ വിദ്വേഷ പ്രസംഗം.
അതേസമയം റാണയുടെ പ്രസ്താവനക്കെതിരെ മഹാരാഷ്ട്രയിലെ കോൺഗ്രസ് രംഗത്തുവന്നു. രാജ്യത്തെ ഒരു സംസ്ഥാനത്തെ ഒരാൾ പാകിസ്ഥാനെന്ന് വിളിക്കുമ്പോൾ അങ്ങനെയൊരാൾ എങ്ങനെ കാബിനറ്റ് മന്ത്രിയായി തുടരുമെന്നാണ് പ്രധാനമന്ത്രി മോദിയോടും ദേവേന്ദ്ര ഫഡ്നാവിസിനോടും ചോദിക്കാനുള്ളതെന്നാണ് കോൺഗ്രസ് നേതാവ് അതുൽ ലോൺഡെ പാട്ടിൽ പറഞ്ഞത്. നമ്മൾ ഐക്യത്തിന്റെ പ്രതിജ്ഞ ചൊല്ലുന്നവരാണെന്നും ബിജെപി നേതാവിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.









