രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വിഡിയോ നിര്‍മിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റില്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭാഗമായ ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നടി രശ്മിക മന്ദാനയുടെ മോര്‍ഫ്ഡ് വിഡിയോ നിര്‍മിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുമാസത്തെ അന്വേഷണത്തിനൊടുവില്‍ ആന്ധ്രാപ്രദേശില്‍ നിന്നാണ് ഡല്‍ഹി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഡിസിപി ഹേമന്ദ് തിവാരി അറിയിച്ചു.

ഐപിസി 465, 469, ഐടി നിയമത്തിലെ 66 (സി), 66 (ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിഡിയോ പങ്കുവെച്ചവര്‍ ഉള്‍പ്പെടെ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. വിഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തതിനെ തുടര്‍ന്ന് നവംബര്‍ 10 ന് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ കേസ് എടുത്തിരുന്നു.

കറുത്ത നിറത്തിലുള്ള ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റില്‍ കയറുന്ന രശ്മികയുടെ വിഡിയോ എന്ന വ്യാജേനയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ബ്രിട്ടിഷ്-ഇന്ത്യന്‍ വംശജയുമായ സാറാ പട്ടേലിന്റെതായിരുന്നു യഥാര്‍ത്ഥത്തില്‍ ഈ വിഡിയോ. വിഡിയോ വൈറലായതോടെ ആശങ്കയറിയിച്ച് രശ്മിക മന്ദാന രംഗത്തെത്തി. രശ്മികയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവരും ഇത്തരത്തില്‍ സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിന് ഇരയായിരുന്നു.

More Stories from this section

family-dental
witywide