
അടുത്ത മാസം നടക്കുന്ന യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനേയോ കമലാ ഹാരിസിനേയോ പിന്തുണയ്ക്കില്ല എന്ന് ഫയർ ഫൈറ്റേഴ്സ് യൂണിയൻ്റെ തീരുമാനം. ഒരു സ്ഥാനാർത്ഥിയെയും പിന്തുണയ്ക്കാൻ ഇൻ്റർനാഷണൽ അസോസിയേഷൻ ഓഫ് ഫയർ ഫൈറ്റേഴ്‌സ് (IAFF) സംഘടന വിസമ്മതിച്ചു.
“ഞങ്ങൾ വളരെ ഗൗരവമായി എടുത്ത ഈ തീരുമാനം ഞങ്ങളുടെ ഐക്യം സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ഏറ്റവും നല്ല മാർഗമാണ്,” IAFF പ്രസ്താവനയിൽ അറിയിച്ചു.
മൂന്നര ലക്ഷത്തിലേറെ അംഗങ്ങളുള്ള IAFF സംഘടന സാധാരണ ഡെമോക്രാറ്റുകളെയായിരുന്നു പിന്തുണച്ചിരുന്നത്. ഇത്തവണ അനൌദ്യോഗികമായി ട്രംപിനെ പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.
ദശലക്ഷക്കണക്കിന് അമേരിക്കക്കാർ വോട്ട് ചെയ്യാൻ തയ്യാറെടുക്കുമ്പോൾ ഹാരിസിനെയോ ട്രംപിനെയോ അംഗീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന രണ്ടാമത്തെ പ്രമുഖ ട്രേഡ് യൂണിയനാണിത്. 1.3 ദശലക്ഷത്തിലധികം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യുഎസ് ട്രാൻസ്‌പോർട്ടേഷൻ തൊഴിലാളി യൂണിയനായ ടീംസ്റ്റേഴ്‌സ് ഇൻ്റർനാഷണലും ഒരു സ്ഥാനാർത്ഥിയെ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
ഹാരിസിൻ്റെ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥി ടിം വാൾസും ട്രംപിൻ്റെ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥി ജെഡി വാൻസും, ഓഗസ്റ്റിൽ നടന്ന യൂണിയൻ കൺവെൻഷനിൽ ഐഎഎഫ്എഫിൻ്റെ പിന്തുണ തേടിയിരുന്നു.
Major US firefighter union declines to endorse Trump or Harris















